വന്‍കിട കമ്ബനികളുമായി 40000 കോടി രൂപയുടെ (4.39 ബില്യണ്‍ ഡോളറിന്റെ) നിക്ഷേപ കരാറിലൊപ്പിട്ട് തമിഴ്‌നാട്.
ആപ്പിള്‍ വിതരണ ശൃഖലകള്‍, ടാറ്റാ ഇലക്‌ട്രോണിക്‌സ്, പെഗാട്രോണ്‍, ഹ്യുണ്ടായ് മോട്ടോഴ്‌സ് എന്നീ കമ്ബനികളുമായാണ് തമിഴ്‌നാട് നിക്ഷേപ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. തങ്ങളുടെ വിപണി വളര്‍ച്ചയ്ക്ക് പറ്റിയയിടമാണ് ഇന്ത്യയെന്ന് ആപ്പിള്‍ തിരിച്ചറിഞ്ഞിരിക്കുന്ന സമയമാണിത്. ചൈനയില്‍ നിന്നുള്ള ഉത്പാദനം കുറച്ച് വിപണി വൈവിധ്യവത്ക്കരിക്കുന്നതിലാണ് കമ്ബനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുതല്‍ ടാറ്റാ ഗ്രൂപ്പ് ഐഫോണ്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങിയതും വാര്‍ത്തയായിരുന്നു.
അതേസമയം മൊബൈല്‍ ഫോണ്‍ അസംബിള്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റാ ഇലക്‌ട്രോണിക്‌സ് സംസ്ഥാനത്ത് 12,080 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
” നിക്ഷേപകരെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ രീതിയിലും പിന്താങ്ങുന്നുവെന്ന്” തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.
ആപ്പിളിന്റെ തായ്വാന്‍ വിതരണക്കാരായ പെഗാട്രോണ്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം അടുത്ത ഏതാനും വര്‍ഷങ്ങളിലായി തമിഴ്‌നാട്ടില്‍ 70,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ടാറ്റാ പവറും അറിയിച്ചിട്ടുണ്ട്. കമ്ബനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ പ്രവീര്‍ സിന്‍ഹയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ആഗോള നിക്ഷേപ സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഈ കരാറുകള്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം ഗുജറാത്തിലും ഇത്തരം നിക്ഷേപക സമ്മേളനം നടത്താനിരിക്കുകയാണ്. ഇതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കയാണ് നിക്ഷേപക സമ്മേളനവുമായി തമിഴ്‌നാട് രംഗത്തെത്തിയത്. ഗുജറാത്തിലെ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ നൂറുകണക്കിന് ആഭ്യന്തര-വിദേശ നിക്ഷേപകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുനസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജപദ്ധതികളുമായി ബന്ധപ്പെട്ട് ജെഎസ്ഡബ്ല്യൂവുമായി 12,000 കോടിയുടെ നിക്ഷേപ കരാറിലും തമിഴ്‌നാട് ഒപ്പ് വെച്ചിട്ടുണ്ട്.
വാഹനനിര്‍മാതാക്കളായ ഹ്യൂണ്ടായ് മോട്ടോഴ്‌സുമായും സംസ്ഥാനസര്‍ക്കാര്‍ നിക്ഷേപ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. 61,80 കോടിയുടെ കരാറാണ് കമ്ബനിയുമായി ഉള്ളത്. ഇലക്‌ട്രിക് വെഹിക്കിള്‍ ബാറ്ററി നിര്‍മ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഇതിലൂടെ തുടക്കമിടുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം ശനിയാഴ്ചയാണ് വിയറ്റ്‌നാമിലെ ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ കമ്ബനിയുടെ ആദ്യത്തെ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനുള്ള കരാറിലൊപ്പിട്ടത്. തമിഴ്‌നാട്ടില്‍ 2 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനും കമ്ബനി തയ്യാറായിട്ടുണ്ട്.