രാമക്ഷേത്ര ഉദ്ഘാടനം: തിരുപ്പതി ക്ഷേത്രം ഒരു ലക്ഷം ലഡു അയോധ്യയിലേക്ക് അയക്കും

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷത്തോളം മിനി ലഡുകള്‍ തയ്യാറാക്കി അയോധ്യയിലേക്ക് അയക്കും.

ജനുവരി 22 നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. പരിപാടിയില്‍ പങ്കെടുക്കുനായി എത്തുന്നവര്‍ക്ക്, ഭക്തര്‍ പവിത്രമായി കരുതുന്ന ഒരു ലഡു വിതരണം ചെയ്യാൻ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ റെഡ്ഡി അറിയിച്ചു.

സാധാരണയായി, തിരുപ്പതി ക്ഷേത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രസാദമായാണ് ഈ ലഡു വിതരണം ചെയ്യുന്നത്. ഈ ലഡുവിന് 176 ഗ്രാം മുതല്‍ 200 ഗ്രാം വരെ തൂക്കമുണ്ടാകും. അയോധ്യയിലേക്ക് അയക്കുന്ന മിനി ലഡുവിന് 25 ഗ്രാം ഭാരമുണ്ടായിരിക്കും എന്നാണ് വിവരം.

തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര സ്വാമിക്ക് സമര്‍പ്പിക്കുന്ന പവിത്രമായ പ്രസാദങ്ങള്‍ തയ്യാറാക്കുന്ന അടുക്കളയില്‍ വെച്ചു തന്നെയാകും അയോധ്യയിലേക്കുള്ള ലഡുകളും തയ്യാറാക്കുക. “ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിനായി പ്രത്യേകമായി ഒരു ലക്ഷം ലഡു തയ്യാറാക്കാൻ ഞങ്ങള്‍ തീരുമാനിച്ചു. ഇത് പൂര്‍ത്തിയായാല്‍ ഞങ്ങള്‍ അവ ശ്രീരാമന്റെ പവിത്രമായ ജന്മസ്ഥലത്തേക്ക് അയയ്ക്കും. ഭഗവാൻ ബാലാജിയുടെ വിശുദ്ധ പ്രസാദം അയോധ്യയിലേക്ക് അയക്കുന്നത്, ഈ ചടങ്ങില്‍ പങ്കെടുക്കാനുള്ള അഭിമാനകരമായ അവസരമായി ഞങ്ങള്‍ കരുതുന്നു,” ധര്‍മ്മ റെഡ്ഡി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ നിരവധി സൗകര്യങ്ങള്‍ അയോധ്യയില്‍ ഒരുക്കുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകള്‍ നടക്കും. മറ്റ് പ്രധാന ചടങ്ങുകള്‍ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ പ്രതിഷ്ഠാ ദിവസം നടക്കും.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ആയിരക്കണക്കിന് പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയില്‍ ഏകദേശം 3,000 വിവിഐപികളും 4,000 തീര്‍ത്ഥാടകരും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, സച്ചിൻ തെൻഡുല്‍ക്കര്‍, വിരാട് കോഹ്‌ലി എന്നിവര്‍ക്കും ക്ഷണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *