‘ടി പി വധക്കേസ് പ്രതികളെ രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലാവധി പൂര്‍ത്തിയാകും മുൻപെ ജയില്‍മോചിതരാക്കാൻ അണിയറ നീക്കം’; ജയില്‍ മേധാവിയുടെ കത്ത് വിവാദത്തില്‍

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ രണ്ടാം പിണറായി സർക്കാരിൻ്റെ കാലാവധി പൂർത്തിയാകും മുൻപെ ജയില്‍മോചിതരാക്കാൻ അണിയറ നീക്കം തുടങ്ങിയതായുള്ള റിപ്പോർട്ടുകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

ആഭ്യന്തര വകുപ്പിലെ പ്രമുഖൻ്റെ നിർദ്ദേശപ്രകാരമാണ് ജയില്‍ വകുപ്പ് രഹസ്യമായി കരുനീക്കങ്ങള്‍ തുടങ്ങിയതെന്നാണ് ആക്ഷേപം. നേരത്തെ ടി പി കേസിലെ പ്രതികള്‍ക്കായി വിചാരണ കോടതിയില്‍ ഹാജരായ അഭിഭാഷകൻ കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ എന്നതും ഈ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു. മാഹി ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ള ടി പി വധക്കേസിലെ പ്രതികളെ കുറ്റവിമുക്തമാക്കിയതോടെയാണ് ഇതിനുള്ള അവസരമായി കണ്ടതെന്നാണ് വിവരം.

സർക്കാരിനായി അസാധാരണ നീക്കവുമായി ജയില്‍ വകുപ്പ് രംഗത്തുവന്നതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം. ടി പി കേസ് പ്രതികളെ വിടുതല്‍ ചെയ്താല്‍ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോയെന്ന് ചോദിച്ച്‌ ജയില്‍ സൂപ്രണ്ടുമാർക്ക് ജയില്‍ മേധാവി കത്തയച്ചിട്ടുണ്ട്. കത്തില്‍ പരോളെന്നോ വിട്ടയയ്ക്കലെന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻട്രല്‍ ജയില്‍ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയില്‍ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്.

ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെന്നും കത്തില്‍ പരാമർശിച്ചിട്ടുണ്ട്. പ്രതികള്‍ നിലവില്‍ കഴിയുന്ന സെൻട്രല്‍ ജയില്‍ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്ക്കാതെ മുഴുവൻ സെൻട്രല്‍ ജയില്‍ സൂപ്രണ്ടുമാർക്കും കത്തയച്ചതാണ് മാധ്യമങ്ങളില്‍ വാർത്തയായത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ 20 വർഷത്തേക്ക് വിട്ടയക്കരുതെന്നാണ് കോടതി ഉത്തരവ്. ഇതു നിലനില്‍ക്കെയാണ് ഇത്തരമൊരു അസാധാരണ നടപടി. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രല്‍ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രല്‍ ജയിലുകളിലുമാണുള്ളത്.

ജയില്‍ വകുപ്പ് വിടുതല്‍ സാധ്യത തേടി കത്തയച്ചതില്‍ നിഗൂഢതയുണ്ടെന്ന് കെ കെ രമ എംഎല്‍എ പ്രതികരിച്ചു. ‘സൂപ്രണ്ടുമാർക്ക് കത്തയച്ച്‌ കൊണ്ട് നടപടി സ്വീകരിക്കാനാവില്ല. കോടതി നടപടിക്ക് മേല്‍ സർക്കാരിന് ഒന്നും ചെയ്യാനാകില്ല,’ എംഎല്‍എ പറഞ്ഞു. പ്രതികള്‍ക്കൊപ്പമാണ് സർക്കാർ. അവർക്കൊപ്പം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് സർക്കാർ ശ്രമമെന്നും കെ കെ രമ ആരോപിച്ചു. നേരത്തെ ടി പി വധക്കേസിലെ പ്രതികള്‍ക്ക് തുടർച്ചയായി പരോള്‍ ലഭിക്കുന്നത് വിവാദമായിരുന്നു. ഇതിനിടെയാണ് വിടുതല്‍ നടപടിയുടെ സാദ്ധ്യത സർക്കാർ തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *