ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന് വൻ തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

 ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.

ദ്വാരപാലക ശില്‍പങ്ങളു‌ടെ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കട്ടിളപ്പാളി കേസില്‍ വിജിലൻസ് കോടതിയും ഹൈക്കോടതിയും പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധിയും കോടതി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പത്മകുമാർ പൂർണമായും നിഷേധിച്ചിരുന്നു. ശബരിമലയില്‍ ജീവനക്കാരെ നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നതെന്നും കൂട്ടമായി അല്ലാതെ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് പത്മകുമാർ ഹർജിയില്‍ പറഞ്ഞത്.

സ്വർണം പൂശിയ ശബരിമല ശ്രീകോവിലിലെ വാതില്‍പ്പാളികള്‍ ചെമ്ബാണെന്ന് എഴുതിചേർത്ത പത്മകുമാർ നടത്തിയത് ഗുരുതര കൃത്യവിലോപമാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. 2019ല്‍ വാതില്‍പ്പാളികള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് എക്സിക്യുട്ടീവ് ഓഫീസർ നല്‍കിയ ശുപാർശയില്‍, ‘മുമ്ബ് സ്വർണം പൂശിയിട്ടുള്ള” എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബോർഡ് യോഗം ചേർന്നപ്പോള്‍ തയ്യാറാക്കിയ കുറിപ്പില്‍ ‘പിത്തളയില്‍’ എന്ന വാക്കുവെട്ടിയ പത്മകുമാർ ‘ചെമ്ബുപാളികള്‍’ എന്ന് എഴുതിച്ചേർത്തു. സ്വർണം പൊതിഞ്ഞവയാണെന്ന് അറിവുണ്ടായിട്ടും അത് എഴുതിയില്ല. പത്മകുമാറിന്റെ ജാമ്യഹർജിയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ശശിധരൻ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് പരാമർശം. ഉന്നത സ്വാധീനമുള്ള പത്മകുമാറിന് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *