എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി.

കേന്ദ്രസര്‍ക്കാരാണ് ആറുമാസത്തേക്കുകൂടി സസ്പന്‍ഷന്‍ നീട്ടിയത്. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി.

നിലവിലെ സസ്‌പെന്‍ഷന്‍ അടുത്തവര്‍ഷം മെയ് വരെ തുടരും. ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.

2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് പലതവണ സസ്പെന്‍ഷന്‍ നീട്ടിയിരുന്നു.
എ ജയതിലകിനെതിരെ സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷവിമര്‍ശനമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. ഉന്നതി സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപത്തിനു പിന്നില്‍ എ ജയതിലകാണെന്നായിരുന്നു ആരോപണം.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിന് വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *