ഇടതുപക്ഷം ജനസംഘവുമായും ആർ.എസ്.എസുമായും സഖ്യം ചേര്‍ന്നത് ചരിത്രരേഖയിലുള്ള കാര്യമാണെന്ന് നിലമ്ബൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ആര്യാടൻ മുഹമ്മദ്.
ജനസംഘവുമായി 1977ല്‍ പരസ്യ സഖ്യം കമ്യൂണിസ്റ്റ് പാർട്ടികള്‍ ഉണ്ടാക്കിയതിനെ തുടർന്നാണ് കോണ്‍ഗ്രസിന് ആദ്യമായി അധികാരം നഷ്ടപ്പെടുന്നത്. 1967ല്‍ തന്നെ കോണ്‍ഗ്രസിനെ താഴേയിറക്കാൻ മൂന്ന് സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് പാർട്ടിരേഖയില്‍ തന്നെ കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുണ്ട്.
വി.പി. സിങ്ങിനെ പ്രധാനമന്ത്രിയാക്കാൻ രൂപം കൊടുത്ത ബന്ധം. കഴിഞ്ഞ കാലത്ത് സി.പി.എം ജനസംഘവുമായും ആർ.എസ്.എസുമായി ബന്ധമുള്ള ജനസംഘവുമായും സഖ്യമുണ്ടാക്കിയ ചരിത്രമാണുള്ളത്. ഇക്കാര്യം പരസ്യമായി സി.പി.എം സമ്മതിച്ചതാണ്. ഇനിയും സി.പി.എം-ആർ.എസ്.എസ് സഖ്യത്തിന് സാധ്യതയുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
അർധ ഫാഷിസത്തിന്റെ രീതിയില്‍ അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വെളിപ്പെടുത്തിയത്.
‘അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി മുമ്ബ് എല്‍.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂനപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി യു.ഡി.എഫും ഭൂരിപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി ബി.ജെപിയും നില്‍ക്കുകയാണെന്നും ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കിയത് യു.ഡി.എഫ് ആണെന്നും ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഞങ്ങള്‍ ഒരിക്കല്‍ പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നില്‍ക്കില്ല. പക്ഷേ യു.ഡി.എഫ്-ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.