പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടികള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള സിപിഐഎം ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
കൊടുങ്ങല്ലൂരില്‍ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സിപിഐഎം നേതാക്കളുടെ പേരുകള്‍ പുറത്തുവന്നു തുടങ്ങിയതോടെയാണ് ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പെട്ടെന്നുള്ള പൊലീസ് നടപടികളും രാഷ്ട്രീയ നാടകങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനമധ്യത്തില്‍ ആരോപണമുയര്‍ന്നപ്പോള്‍ത്തന്നെ പരാതിക്ക് കാത്തുനില്‍ക്കാതെ എഫ്ഐആര്‍ ഇടാനും അറസ്റ്റുചെയ്ത് ചോദ്യംചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണകൊള്ള വലിയ രീതിയില്‍ ചര്‍ച്ചയാകുകയും സിപിഐഎമ്മിന് വലിയ തിരിച്ചടിയാകുകയും ചെയ്യുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇപ്പോഴത്തെ നാടകമെന്ന് എം ടി രമേശ് വിമര്‍ശിച്ചു.
