നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു ഇതിനകം നടന്ന പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു നിലമ്പൂരിനു ഒരു പ്രത്യേകതയുണ്ട്. ഇടതു പക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണത്. പി വി അൻവറിനെ സ്വതന്ത്രനായി നിർത്തി എൽ ഡി എഫ് തുടർച്ചയായി രണ്ടു തവണ ജയിച്ച മണ്ഡലം. അൻവർ സിപിഎം ബന്ധം ഉപേക്ഷിച്ചു എം എൽ എ പദം രാജി വെച്ച ഒഴിവിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് സിപിഎമ്മിന്റെ അഭിമാന പ്രശ്നം മാത്രമല്ല, തുടർഭരണത്തിന്റെ പ്രതീക്ഷ കൂടിയാണ്.. അതു കൊണ്ടാണ് എം സ്വരാജിനെ നിലമ്പൂരിൽ സിപിഎം ഇറക്കിയത്.
സ്വരാജിന്റെ പ്രതിയോഗി ആര്യാടൻ ഷൗക്കത്തും കട്ടക്ക് നിൽക്കുന്ന ആളാണ്. രണ്ടു പേരും പുരോഗമന വാദികൾ. സ്വന്തം സമുദായത്തിലെ അനാചാരങ്ങളെയും അരുതായ്മകളെയും തുറന്നു കാട്ടുന്നതിലും യാഥാസ്ഥിതികത്വത്തെ എതിർക്കുന്നതിലും മടി കാണിക്കാത്ത ആൾ എന്ന നിലയിൽ സ്വരാജിനെക്കാൾ ഒരു പടി മുകളിലാണ് ഷൌക്കത്തിന്റെ സ്ഥാനം. നിലമ്പൂർ പഞ്ചായത്ത് അംഗം,പഞ്ചായത്ത് പ്രസിഡന്റ്, നിലമ്പൂർ മുനിസിപ്പാലിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ളയാളാണ് ഷൌക്കത്ത്. സർവോപരി കോൺഗ്രസിലെ കിസിഞ്ജർ ആയിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ. നിലമ്പൂർ സ്വദേശി ആണെങ്കിലും സ്വരാജിന് അവകാശപ്പെടാൻ പറ്റാത്തതാണ് ആര്യാടൻ ഷൗക്കത്തിന്റെ ഈ സവിശേഷതകൾ. ഇതേ സമയം സിപിഎമ്മിലെ പുതിയ തലമുറയിലെ നേതാക്കളിൽ ഏറെ ശ്രദ്ധേയനും വ്യക്തിത്വമുള്ള ആളുമാണ് സ്വരാജ്. സോഷ്യൽ മീഡിയയിലെ മിന്നുന്ന താരം. മികച്ച പ്രസംഗകൻ. ആശയ വ്യക്തതയും ഉറച്ച നിലപാടും ഉള്ളയാൾ.
ഇവർ തമ്മിലുള്ള പോരാട്ടത്തിൽ ആരു ജയിക്കും എന്നതു നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. സ്ഥാനാർഥി യുടെ മൂല്യവും മേന്മയും നോക്കിയല്ലല്ലോ ജനങ്ങൾ വോട്ടു ചെയ്യുന്നത്. മുൻകാലങ്ങളിൽ അങ്ങിനെ വോട്ടു ചെയ്തിരുന്ന ജമാഅത്തെ ഇസ്‌ലാമി വരെ ഇപ്പോൾ ആളെ നോക്കി വോട്ടു ചെയ്യുന്ന പരിപാടി നിർത്തി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ കോലാഹലമാണ് ഇപ്പോൾ നിലമ്പൂരിൽ കേൾക്കുന്നതും. . നിലമ്പൂരിൽ ഉയരുന്നത് ജമാഅത് പിന്തുണ, പി ഡി പി പിന്തുണ, ഹിന്ദുമഹാസഭ പിന്തുണ തുടങ്ങിയവയുടെ ചുവട് പിടിച്ചുള്ള ചർച്ചകളാണ്. മീഡിയ അതിന്റെ പിറകെയാണ്. സോഷ്യൽ മീഡിയയിൽ അതേ ഉള്ളൂ. ഇതിൽ ഒരു സംഘടനയും മണ്ഡലത്തിൽ നിർണായക ശക്തിയല്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ, അനർഹമായ പ്രാധാന്യം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അവർക്ക് നേടിക്കൊടുത്തു.
9 വർഷം പിന്നിട്ട പിണറായി സർക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണിത്. എന്നാൽ ക്ഷേമ പെൻഷൻ പോലുള്ള ചില കാര്യങ്ങൾ അല്ലാതെ സർക്കാരിന്റെ നേട്ടവും കോട്ടവും വിശദമായി ചർച്ച ചെയ്യേണ്ട സ്ഥാനത്തു മതവും വർഗീയതയും ആധിപത്യം നേടൂകയാണുണ്ടായത്. ജമാ അത്തെ ഇസ്‌ലാമി പിന്തുണയെ പർവതീകരിച്ചു സിപിഎം നടത്തുന്ന നീക്കങ്ങൾ യു ഡി എഫിൽ ലീഗിന് ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ജമാ അത്തിന്റെ വോട്ടുകൾ വാങ്ങുകയും വെൽഫയർ പാർട്ടിയുമായി യോജിച്ചു മത്സരിക്കുകയും ചെയ്തതിന്റെ തെളിവുകൾ തുരുതുരെ പുറത്തു വന്നതോടെ സിപിഎമ്മിന്റെ വർഗീയ വിരുദ്ധ നിലപാടിലെ ഇരട്ടതാപ്പ് ചർച്ചയായിട്ടുണ്ട്. ജമാ അത്തിനെ എതിർക്കുകയും പി ഡി പി യെ ഒക്കത്തു വെക്കുകയും ചെയ്യുന്ന സിപിഎം സമീപനത്തിലെ വൈരുധ്യവും ചർച്ചാ വിഷയമാണ്.
ഉപതെരഞ്ഞെടുപ്പിനു കാരണക്കാരനായ പി വി അൻവർ ഉയർത്തിയ പിണറായിസം മതത്തിലും വർഗീയതയിലും മുങ്ങിപ്പോയ അവസ്ഥ യാണ്. അതേക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഇടതു പക്ഷത്തിനു വിനയായി മാറുമായിരുന്നു. പിണറായിസത്തെ തീർക്കാൻ ഇറങ്ങിയ അൻവറിന്റെ അവനവനിസം നിലമ്പൂരിൽ ഇതോടെ തീർന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ചോർന്നു കിട്ടിയ വോട്ടുകളാണ് ഇടതു സ്ഥാനാർഥിയായി കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും അൻവറിനെ വിജയിപ്പിച്ചത്. ഇത്തവണ കോൺഗ്രസ് വോട്ടുകൾ ചോരാനുള്ള സാധ്യത കുറവാണു. ആര്യാടൻ ഷൌക്കത്ത് ലീഗിന്റെ സ്ഥാനാർഥി എന്ന നിലയ്ക്കാണ് മുസ്‌ലിം ലീഗ് നേതാക്കൾ രംഗത്തുള്ളത്. പികെ കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കൾ വീടു കയറി വോട്ടു പിടിക്കുന്നുണ്ട് നിലമ്പൂരിൽ. ഇതു ലാസ്റ്റ് ബസ് ആണെന്നു യു ഡി എഫിനറിയാം. നിലമ്പൂരിൽ ജയിച്ചാൽ അടുത്ത തവണ ഭരണം പിടിക്കാനുള്ള വഴി യു ഡി എഫിന് തുറന്നു കിട്ടുമെന്നും…ചുരുക്കത്തിൽ കഴിഞ്ഞ കാലങ്ങളിൽ അൻവറിന് യു ഡി എഫ് ക്യാമ്പിൽ നിന്നു കിട്ടിയിരുന്ന വോട്ടുകൾ ഇത്തവണ അത്ര അളവിലൊന്നും കിട്ടില്ല. അൻവർ പിടിക്കുന്ന വോട്ടുകൾ, അതെത്ര ആയാലും ഇരു പക്ഷത്തു നിന്നും ഉള്ളതാണ്. സിപിഎമ്മിന്റെ കേഡർ വോട്ടുകൾ സ്വരാജിന് നഷ്ടപ്പെടില്ലെങ്കിലും കുറേ അനുഭാവി വോട്ടുകൾ അൻവറിന്റെ കത്രികക്ക് കിട്ടും. പത്തു കൊല്ലം ഇടതു എം എൽ എ ആയിരുന്ന ആൾക്ക് അതെങ്കിലും കിട്ടാതിരിക്കുമോ? അൻവറുമായി വ്യക്തി ബന്ധങ്ങൾ ഉള്ളവർ, അൻവർ മുഖേന കാര്യസാധ്യത നേടിയവർ, സഹായങ്ങൾ സ്വീകരിച്ചവർ തുടങ്ങി ഒരു വിഭാഗം മണ്ഡലത്തിലുണ്ട്. അവർക്ക് ഒറ്റയടിക്ക് അൻവറിനെ അങ്ങിനെ തള്ളിക്കളയാൻ കഴിയില്ല.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും പിണറായി തരംഗം കേരളത്തിൽ ആഞ്ഞടിച്ചെങ്കിൽ
ഇപ്പോൾ പിണറായി വിരുദ്ധതയുടെ സൂചന നാട് മുഴുവൻ ഉണ്ട്. പിണറായിയും പാർട്ടിയും മാത്രമേ അതു കാണാതെയുള്ളൂ. പാർട്ടി കാണാത്തതാണോ അതോ കണ്ടില്ലെന്നു നടിക്കുന്നതാണോ എന്നു വ്യക്തമല്ല. ഒൻപതു കൊല്ലം തുടർച്ചയായി ഒരാൾ ഭരിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നതാണത്. എന്തൊക്കെ വികസനം നടത്തിയാലും ഭരണ വിരുദ്ധ വികാരം പൊങ്ങി വരും. ഹിന്ദുത്വ ത്തിന്റെ ഉറച്ച പിന്തുണ ഉണ്ടായിട്ടും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വരെ അഭിമുഖീകരിച്ചതാണത്.
നിലമ്പൂരിലെ ഹിന്ദുത്വ വോട്ടുകൾ ആർക്ക് പോകും എന്നതും സുപ്രധാനമാണ്. ബിജെപി കണ്ടെത്തി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം പാർട്ടിയിൽ ചേർത്ത കേരളാ കോൺഗ്രസുകാരനായ മോഹൻ രാജിന് ആർ എസ് എസ് വോട്ടു ചെയ്യുമോ എന്നു കണ്ടറിയണം. ഒരു തവണ കൂടി പിണറായി വിജയൻ കേരളത്തിൽ അധികാരത്തിൽ വന്നാൽ 2031 ൽ കേരളം ഭരിക്കാമെന്നു സ്വപ്നം കാണുന്നവരാണ് ആർ എസ് എസും ബിജെപി യും. അവരുടെ വോട്ടുകൾ നിർണായകമാണ് നിലമ്പൂരിൽ. ബിജെപി നിർത്തിയ സ്ഥാനാർഥിക്കു വോട്ടു കൊടുക്കണോ അതോ മതം നോക്കി വോട്ടു ചെയ്യണോ എന്ന ആശയക്കുഴപ്പം അവരിൽ ഉടലെടുത്താൽ അതിന്റെ ആഘാതം യു ഡി എഫിനാണുണ്ടാവുക. പൊതുവിൽ യു ഡിഎഫ് അനുകൂല മണ്ഡലമായ നിലമ്പൂർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ ഭൂരിപക്ഷം 65000 നു മുകളിലാണ്. നിയമസഭ ആകുമ്പോൾ ഈ ഇക്വെഷൻ ഒക്കെ അങ്ങ് മാറും. എന്നിരുന്നാലും ആര്യാടൻ ഷൗക്കത്തിനാണ് നിലമ്പൂരിൽ പൊതുവിൽ വിജയ സാധ്യത കാണുന്നത്.