രാഷ്ട്രീയ ലേഖകൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യം ജയിക്കുന്ന മണ്ഡലമായി സിപിഎം കണക്കു കൂട്ടിയിരുന്നത് വടകര ആയിരുന്നു. കെ കെ ഷൈലജയുടെ സ്ഥാനാർത്ഥിത്വം ,നേമത്തു ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിൽ സിറ്റിംഗ് എം പി കെ മുരളീധരനോട് ആർ എസ് എസിനുള്ള പക എന്നിവ വടകരയിൽ വിജയം അനായാസമാക്കും എന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. എന്നാൽ, പൊടുന്നനെ സ്ഥാനാർത്ഥിയെ മാറ്റി കോൺഗ്രസ് നടത്തിയ സർജിക്കൽ സ്ട്രൈക്ക് സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റി പാലക്കാട് നിയമസഭാംഗം ഷാഫി പറമ്പിലിനെ വടകരയിൽ നിയോഗിച്ചതോടെ ചിത്രം മാറി. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന പ്രചാരണത്തിന് അറുതിയായി. വടകരയിൽ ഷൈലജയുടെ സ്ഥിതി പരിതാപകരവുമായി.വടകരയിൽ ഷാഫിയുടെ എൻട്രിയോടെ സംസ്ഥാനത്തെ ഏറ്റവും താരമൂല്യമുള്ള സ്ഥാനാർത്ഥിയായി അദ്ദേഹം മാറി. ഷാഫി, ഷാഫി എന്ന വിളി മണ്ഡലത്തിൽ നിറഞ്ഞു. സോഷ്യൽ മീഡിയയിൽ ഷാഫി തരംഗമായി. അയാൾ പോകുന്നിടത്തെല്ലാം ആബാലവൃദ്ധം ജനം കാത്തു നിന്നു. വോട്ടു ചോദിക്കുന്ന അയാളുടെ രീതി, ആളുകളെ ചേർത്ത് പിടിക്കുന്ന സമീപനം, ഹസ്തദാനം നൽകിയും തോളിൽ കയ്യിട്ടും പ്രായമായവരോട് ആദരവ് കാണിച്ചും പ്രചാരണത്തിൽ സൃഷ്ടിച്ചെടുത്ത ഷാഫി ടച്ചിന് പകരം വെക്കാൻ ഈ തെരഞ്ഞെടുപ്പ് കാലത്തു ഒന്നും ഒരിടത്തും കണ്ടിരുന്നില്ല. .ഇടതു ക്യാമ്പിൽ ഈ ഷാഫി വെയ്‌വ് ഉണ്ടാക്കിയ അസ്വാസ്ഥ്യം കുറച്ചൊന്നുമല്ല.
നിപ്പയെയും കോവിഡിനെയും തളച്ച ആരോഗ്യമന്ത്രി എന്ന പ്രചാരണം വടകരയിൽ ക്ലിക്ക് ചെയ്യുമെന്ന കണക്കുകൂട്ടലുകൾ പിഴക്കുകയും ഷൈലജക്കു അത് ബാധ്യതയായി മാറുകയും ചെയ്തു. . പി ആർ പ്രവൃത്തിയുടെ മറവിൽ ഊതി വീർപ്പിച്ച ഖ്യാതിയാണ് ഷൈലജയുടേതെന്ന പ്രചാരണം വടകരയിൽ കൊടുമ്പിരിക്കൊണ്ടു. അതിൽ വസ്തുതയുണ്ടെന്നത് പകൽ പോലെ സത്യമാണ് . കാരണം കേരളം കണ്ട ആരോഗ്യമന്ത്രിമാരിൽ അസാധാരണത്വമൊന്നും ഉള്ള ആളായിരുന്നില്ല ഷൈലജ .ശ്രീമതി ടീച്ചർക്കുള്ള പ്രാഗൽഭ്യം പോലും യഥാർത്ഥത്തിൽ അവർക്കുണ്ടായിരുന്നില്ല. ഷൈലജയുടെ കാലത്തു വന്ന പകർച്ച വ്യാധികളും അതിനെ പ്രതിരോധിക്കുന്നതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തനവും സർക്കാർ അതിനു നൽകിയ പ്രചാരണവും കൂടിയായപ്പോൾ ചക്ക വീണു മുയൽ ചത്ത പോലെ ഷൈലജ പ്രശസ്തയായി എന്നേയുള്ളൂ. വിഷയങ്ങൾ അവതരിപ്പിക്കാനും പൊതുജനങ്ങൾക്ക് മുന്നിൽ നന്നായി സംസാരിക്കാനും അവർക്കു കഴിവുണ്ട്. അതിനപ്പുറം മികച്ച ഭരണാധികാരിയൊന്നുമല്ല കെ കെ ഷൈലജ . അങ്ങിനെ ആയിരുന്നെങ്കിൽ അവരുടെ വകുപ്പിൽ അവർ അറിയാതെ നയപരമായ കാര്യങ്ങൾ വരെ തീരുമാനിക്കപ്പെടുമായിരുന്നോ ? കോവിഡ് രോഗികളുടെയും കുടുംബങ്ങളുടെയും ഡാറ്റാ ശേഖരണം സ്പ്രിംഗ്ലർ കമ്പനിയെ ഏല്പിച്ചത് ഷൈലജ അറിഞ്ഞിരുന്നോ ? ഷൈലജയെ പിൻബഞ്ചിൽ ഇരുത്തി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ അല്ലേ ആരോഗ്യവകുപ്പിനെ ഡ്രൈവ് ചെയ്തത് ? ഷൈലജയുടെ കാലത്തു ആരോഗ്യ വകുപ്പ് ഭരിച്ചത് ശിവശങ്കർ ആയിരുന്നില്ലേ ? ശിവശങ്കർ പറയുന്ന സ്ഥലത്തു ഒപ്പിടൽ ആയിരുന്നില്ലേ ഷൈലജയുടെ ജോലി ?ഇങ്ങിനെ ഷൈലജയെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ കുറച്ചൊന്നുമല്ല ഉള്ളത്.
കെ കെ ഷൈലജ മന്ത്രിയായിരുന്ന കാലത്തു ആരോഗ്യ വകുപ്പിൽ നടത്തിയ പർച്ചേസിംഗിലെ അഴിമതി ഒരു യാഥാർഥ്യമാണ് . തനിക്കതിൽ പങ്കില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ഷൈലജക്കു കഴിയുമോ ? . 500 രൂപയുടെ പി പി ഇ കിറ്റ് 1500 നു വാങ്ങിയത് ,മെഡിക്കൽ സർവീസ് കോർപറേഷൻ മരുന്ന് വാങ്ങിയത്, ഗ്ലൗസ് വാങ്ങിയത്, എന്തിനു ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ വരെ നടന്ന അഴിമതി നാട്ടിൽ പാട്ടാണ്. കോവിഡ് കാലത്തെ കൊടുക്കൽ വാങ്ങലുകൾ താൻ അറിഞ്ഞല്ലെന്നും തന്റെ വകുപ്പ് ഭരിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആണെന്നും പൊതുസമൂഹത്തോടു ഷൈലജക്കു തുറന്നു പറയാവുന്നതാണ്. . തന്റെ കൈകൾ ശുദ്ധമാണെന്നു തെളിയിക്കാൻ കോവിഡ് കാല പർച്ചേസിംഗിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ഷൈലജക്കു മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെടാം. കുറ്റാരോപണം വരുമ്പോൾ നിരപരാധികൾ അഗ്നിശുദ്ധി തെളിയിക്കുന്നത് അങ്ങനെയൊക്കെയാണ്. . എന്നാൽ, ആരോഗ്യ വകുപ്പിൽ ഷൈലജയുടെ കാലത്തെ ഇടപാടുകളിൽ സർക്കാർ ഒരന്വേഷണവും ഇന്നേവരെ നടത്തിയിട്ടില്ല. ഏതെങ്കിലും ആരോപണത്തിൽ അന്വേഷണം നടത്തണമെന്നു ഷൈലജ ആവശ്യപ്പെട്ടിട്ടുമില്ല. അങ്ങനെയൊന്നു നടത്തിയാൽ പണ്ടോറയുടെ പെട്ടി തുറന്നതു പോലെയാകും അത്. ചുരുക്കത്തിൽ ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ അതു തലയിലേറ്റി നടക്കേണ്ട ഗതികേടിലാണ് ഷൈലജ എന്ന കാര്യം അവർ സ്വയം അംഗീകരിക്കണം. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടായിരുന്നു എല്ലാ ഇടപാടുകളും എന്ന ഷൈലജയുടെ വിശദീകരണം അഴിമതി നടന്നു എന്ന വാദത്തെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. അരിയാഹാരം കഴിക്കുന്ന മലയാളിക്ക് എളുപ്പത്തിൽ ബോധ്യപ്പെടുന്നതാണ് ഇതെല്ലാം . അത്തരത്തിലൊരു പ്രതിശ്ചായയിൽ ആണല്ലോ മുഖ്യമന്ത്രി പിണറായി വിജയനും നിലകൊള്ളുന്നത്.
ഷാഫി പറമ്പിൽ വടകരയിൽ ഇറങ്ങിയതോടെ പ്രതിരോധത്തിലായ ഷൈലജയും ഇടതു മുന്നണിയും പ്രചാരണത്തിന്റെ അവസാന ലാപ്പിൽ പുറത്തിറക്കിയ രണ്ടു കാർഡുകൾ ഈ തെരഞ്ഞടുപ്പിലെ ഏറ്റവും ലജ്ജാവഹമായ വിഷയങ്ങളാണ്. ഒന്ന്..ഷൈലജയുടെ അശ്ളീല വിഡിയോ പുറത്തിറക്കിയെന്ന ആരോപണം. രണ്ടാമത്തേത് കാഫിർ വിളി. ഷൈലജ വാർത്താ സമ്മേളനം വിളിച്ചു തന്റെ അശ്ളീല ക്ലിപ്പുകൾ യു ഡി എഫുകാർ പ്രചരിപ്പിക്കുന്നു എന്നാരോപിക്കുകയും എൽ ഡി എഫ് അതേറ്റെടുത്തു സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുകയും ചെയ്തു. . സാധാരണ ഗതിയിൽ ഒരു സ്ഥാനാർത്ഥിയും ചെയ്യാത്ത ഒരു പ്രവർത്തിയും ഷൈലജ ചെയ്തു. ഷാഫി പറമ്പിലാണ് ഇതിന്റെ പിന്നിലെന്ന് ആരോപിക്കുകയും ഇലക്ഷൻ കമ്മിഷന് കൊടുത്ത പരാതിയിൽ അക്കാര്യം പറയുകയും ചെയ്തു. തോൽവി മണക്കുമ്പോൾ പത്തു വോട്ടു കിട്ടാൻ ഏതു നികൃഷ്ട മാർഗവും സ്വീകരിക്കുകയെന്ന അവസ്ഥയിലേക്ക് ഷൈലജയും എൽ ഡി എഫും തരം താഴ്ന്നു. അപകടം ബോധ്യപ്പെട്ടപ്പോൾ താൻ അശ്ളീല വീഡിയോയെ കുറിച്ച് പറഞ്ഞില്ലെന്നും പോസ്റ്ററിൽ തല വെട്ടി മാറ്റി ഒട്ടിച്ചതാണെന്നുമൊക്കെ ഷൈലജ ഉരുണ്ടു കളിച്ചു. അതോടെ ടീച്ചറമ്മ മലക്കംമറിഞ്ഞമ്മ ആയി എന്നല്ലാതെ പ്രത്യേകിച്ചൊന്നും ഉണ്ടായില്ല. വിഡിയോ ഇല്ലെന്നു ഷൈലജ ടീച്ചർ എങ്ങിനെയാണ് പറയുക, വിഡിയോ ഉണ്ട് എന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ തിട്ടൂരം നൽകിയതു ചൊറി കുത്തി ചിരങ്ങാക്കിയതിനു തുല്യമായി. . ചുരുക്കത്തിൽ ഷൈലജ ആദ്യം ഉണ്ടെന്നും പിന്നീട് ഇല്ലെന്നും എം വി ഗോവിന്ദൻ ഉണ്ടെന്നു ഉറപ്പിച്ചും പറഞ്ഞ വിഡിയോ പിണറായിയുടെ പൊലീസ് തലകുത്തിമറിഞ്ഞിട്ടും ഇതുവരെ കണ്ടെടുക്കാൻ ആയിട്ടില്ല.
ഒന്നും ഫലിച്ചില്ലെങ്കിൽ കാളൻ നെല്ലായി എന്ന് പറയുന്നത് പോലെയാണ് പ്രചാരണം അവസാനിക്കുന്നതിന് തൊട്ടു മുൻപ് കാഫിർ വിളി ആരോപണവുമായി സിപിഎം ഇറങ്ങിയത്. അങ്ങിനെയെങ്കിലും പത്തു ഹിന്ദു വോട്ടുകൾ കിട്ടുക എന്ന കുടില തന്ത്രം. ഷാഫി പറമ്പിലിനെ അറിയുന്ന ഒരാളും അയാൾക്കെതിരെ ഒരു വർഗീയ ആരോപണം ഉന്നയിക്കില്ല . വടകരയിൽ ഷാഫി സ്ഥാനാർഥി ആയതോടെ മുസ്‌ലിം വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്ന പ്രദേശങ്ങളിൽ വർധിച്ച ഉണർവ് ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. മുരളീധരനും ഷൈലജയും തമ്മിലായിരുന്നു മത്സരമെങ്കിൽ ഷൈലജക്കു ഒരുപക്ഷേ കിട്ടുമായിരുന്ന മുസ്‌ലിം സമുദായത്തിലെ യുവതി യുവാക്കളുടെ വോട്ടുകൾ കൈപ്പത്തിയിലേക്ക് മാറിപ്പോയിട്ടുണ്ട്. സിപിഎമ്മിന് വോട്ടു ചെയ്തിരുന്ന മുസ്‌ലിം കുടുംബങ്ങളിൽ വരെ ഇത്തവണ ഷാഫിക്കൊരു വോട്ട് എന്ന ചിന്ത കലശലായിരുന്നു .സ്വാഭാവികമായ ഒന്നാണത്. അതിന്റെ മറുമരുന്നാണ് എൽ ഡി എഫ് ക്യാമ്പിൽ നിന്ന് വന്ന കാഫിർ ആരോപണം. സ്ഥാനാർത്ഥിയുടെ യുവത്വം, ചടുലത, ഭാഷ ഉപയോഗിക്കാനുള്ള കഴിവ് തുടങ്ങി ഷൈലജക്കു ഇല്ലാത്ത മേന്മകൾ ഏറെയുണ്ട് ഷാഫിക്ക് . അത് ഷൈലജയും അംഗീകരിച്ചു കൊടുക്കേണ്ടതായിട്ടുണ്ട്.ജനാധിപത്യത്തിൽ എതിരാളിയാണ് ഉള്ളത്. അല്ലാതെ ശത്രുവല്ല. നിർഭാഗ്യവശാൽ സിപിഎം കേരളത്തിൽ പരുവപ്പെടുത്തിയ രാഷ്ട്രീയം ശത്രുതയുടെയും 51 വെട്ടിന്റെയും ബോംബിന്റേയുമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇതര പാർട്ടികളിൽ പെട്ടവരെ ഏറ്റവും കൂടുതൽ ആക്ഷേപിക്കുന്നത് സിപിഎമ്മാണ്. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയോട് സിപിഎം കാണിച്ച അതിക്രമങ്ങൾ സമാനതയില്ലാത്ത ഒന്നാണ്. രമയുടെ നാട്ടിൽ വന്നു, തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുന്നേ എന്ന് ഷൈലജ എത്ര ഉച്ചത്തിൽ നിലവിളിച്ചാലും വടകരയിൽ അത് ഫലിക്കില്ല.
ഷാഫി ജയിച്ചാൽ അത് മുസ്‌ലിം വർഗീയതയുടെ വിജയം എന്നു വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ സമൂഹ മാധ്യമത്തിൽ ഇടതു അനുഭാവികൾ പോസ്റ്റുകൾ ഇട്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും യു ഡി എഫ് ജയിച്ച മണ്ഡലമാണ് വടകര. മുല്ലപ്പള്ളി രാമചന്ദ്രൻ രണ്ടു തവണയും കെ മുരളീധരൻ ഒരു തവണയും. തോറ്റത് പി സതീദേവി, എ എൻ ഷംസീർ, പി ജയരാജൻ എന്നീ പ്രഗത്ഭർ. മൂന്നു തവണ തുടർച്ചയായി തോറ്റ മണ്ഡലത്തിൽ ഇത്തവണ സിപിഎം വിജയം ഉറപ്പിച്ചത് മുരളിക്കെതിരെ വീഴുന്ന ആർ എസ് എസ് വോട്ടിൽ കണ്ണു വെച്ചിട്ടല്ലേ ? ഹിന്ദു വോട്ടിന്റെ ആനുകൂല്യം പ്രതീക്ഷിച്ചല്ലേ ? മതേതരത്വത്തിന്റെ അപ്പൊസ്തലന്മാരുടെ പൂച്ചു പുറത്തു ചാടുന്നത് ഇങ്ങനെയൊക്കെയാണ്.