ജാവദേക്കർ എന്തിനു ജയരാജനെ കണ്ടു?

ബാബുരാജ് കെ

ഇ പി ജയരാജനെ പ്രകാശ് ജാവദേക്കർ കണ്ടത് ബിജെപി യിൽ ചേർക്കാൻ ആണെന്ന് വിശ്വസിക്കുക പ്രയാസമാണ്. അങ്ങിനെ മുൻ പിൻ നോക്കാതെ ബിജെപിയിൽ പോകുന്ന ആളല്ല ജയരാജൻ. സിപിഎമ്മിനെ കൊണ്ടു ഒരായുസ്സിൽ ഉണ്ടാക്കാവുന്നതിന്റെ പരമാവധി നേട്ടം ഉണ്ടാക്കിയ ആളാണ്. ജയരാജന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രതയും മകന്റെ ബിസിനസും എല്ലാം സിപിഎമ്മിനോട് കടപ്പെട്ടതാണ്. പാർട്ടിക്ക് വേണ്ടി ഒരു കാലത്തു ത്യാഗങ്ങൾ സഹിച്ചതിനും ആക്രമണങ്ങൾ നേരിട്ടതിനും പലിശയും കൂട്ടുപലിശയും കിട്ടിയിട്ടുണ്ട് ജയരാജന്. ഇതേസമയം, പാർട്ടിയിൽ പിണറായിയുടെ സമകാലീനനായ ജയരാജന് തനിക്കു അർഹമായ പദവികൾ കിട്ടിയില്ലെന്ന പരാതി ഉണ്ടാകാം. ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രി ആയിരുന്ന ജയരാജന് മന്ത്രിസഭയിൽ രണ്ടാമൻ ആയിട്ടും മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ ചുമതല ലഭിച്ചില്ല. തന്നെക്കാൾ ജൂനിയർ ആയ എ വിജയരാഘവനെ പി ബിയിൽ എടുത്തിട്ടും ജയരാജനെ പരിഗണിച്ചില്ല. അതു പോലെ ജൂനിയർ ആയ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയതു ജയരാജനെ തഴഞ്ഞാണ്. ഇങ്ങിനെ ജയരാജന് വിഷമങ്ങൾ കുറച്ചൊന്നുമല്ല ഉള്ളത്. ചില സന്ദർഭങ്ങളിലെല്ലാം തന്റെ പ്രതിഷേധം ജയരാജൻ പ്രകടിപ്പിച്ചിട്ടുമുണ്ട്. തനിക്കു പ്രായമായെന്നും ഇനി വിശ്രമിക്കാൻ പോകുകയാണെന്നുമൊക്കെ കുറച്ചു നാൾ മുൻപ് ജയരാജൻ പറഞ്ഞത് അതിന്റെ ഭാഗമാണ്. എന്നു വെച്ച് പിണറായി വിജയനെ വിട്ടു ഒരിടത്തേക്കും ഇ പി ജയരാജൻ പോകില്ലെന്നു കട്ടായം.. എന്തൊക്കെ വീഴ്ചകൾ പറ്റിയാലും ജയരാജനെ പിണറായി സംരക്ഷിക്കുമെന്നും ഉറപ്പ്.

അപ്പോൾ പിന്നെ ജാവദേകർ എന്തിനു ജയരാജനെ കാണണം? കേരളത്തിൽ നിന്നു ഇത്തവണ ഒരു എം പി എങ്കിലും ഉണ്ടാവണം എന്നത് മോദിയുടെ തീരുമാനം ആണ്. അതു നടപ്പിലാക്കാൻ അയച്ചതാണ് ജാവദേകറിനെ. ബിജെപി ഏറ്റവും മോശമായ സ്റ്റേറ്റിൽ മോദി പ്രചാരണത്തിന് വന്നത് ഏഴു തവണയാണ്. മോദി അഭിമാന പ്രശ്നമായി കേരളത്തെ കണ്ടു കഴിഞ്ഞു. അതു സാധിച്ചു കൊടുത്തില്ലെങ്കിൽ ജാവദേക്കറിന്റെ കാര്യം പരുങ്ങലിലാകും. തൃശൂരിൽ നിന്നു സുരേഷ് ഗോപിയെ പാർലമെന്റിൽ എത്തിക്കാനുള്ള അകമഴിഞ്ഞ സഹായമാണ് ബിജെപി ജയരാജനിൽ നിന്നു പ്രതീക്ഷിക്കുന്നത്. ജയരാജനെ സംബന്ധിച്ചിടത്തോളം കണ്ണൂർ കഴിഞ്ഞാൽ തൃശൂർ ആണ് പ്രിയപ്പെട്ട സ്ഥലം. പാർട്ടിയിൽ വിഭാഗീയത ഉണ്ടായപ്പോൾ തൃശൂർ നോക്കാൻ ഏല്പിച്ചത് ഇ പി ജയരാജനെയാണ്. കുറേ നാൾ തൃശൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് അദ്ദേഹമാണ്. സിപിഎമ്മിനോടൊപ്പമുള്ള വ്യാപാരി വ്യവസായ സമിതിയുടെ പാർട്ടി ചുമതല ജയരാജന് ആയിരുന്നു. തൃശൂർ ജില്ലയിലെ കച്ചവടക്കാരിൽ കുറേ പേർ ഈ സംഘടനയിൽ ആണ്. തൃശൂരിൽ പാർട്ടിക്കകത്തും പുറത്തും ജയരാജന് വലിയ സ്വാധീനവുമുണ്ട്. ചുരുക്കത്തിൽ ജയരാജനെ ഉപയോഗിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മിനോട് ആഭിമുഖ്യം ഉള്ളവരുടെ വോട്ട് സുരേഷ് ഗോപിക്ക് നേടിക്കൊടുക്കുക എന്നതായിരുന്നു ബിജെപി യുടെയും ജാവദേക്കറിന്റെയും ബുദ്ധി. ജയരാജൻ ഇതിൽ പൂർണമായി വീണോ എന്നറിയില്ല. എന്നാൽ, തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥികളെ അദ്ദേഹം പുകഴ്ത്തി സംസാരിച്ചിരുന്നു. എൽഡിഎഫും ബിജെപി യും തമ്മിലാണ് കേരളത്തിൽ മത്സരമെന്നും പറഞ്ഞു. അതിലൊക്കെ ചില രാഷ്ട്രീയ സൂചനകൾ അടങ്ങിയിട്ടുണ്ട്. ജാവദേകറിനും ബിജെപിക്കും വേണ്ടി ജയരാജൻ വല്ല സേവനവും ചെയ്തു കൊടുത്തോ എന്നു കൃത്യമായി അറിയണമെങ്കിൽ എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാറിന് കിട്ടിയ വോട്ട് എത്ര എന്നറിയണം. എൽ ഡി എഫിൽ നിന്നു വോട്ട് ചോർന്നു സുരേഷ് ഗോപിക്കു കിട്ടിയോ എന്നുറപ്പ് വരുത്തണം. പഴയ കാലത്തെ പോലെയൊന്നുമല്ല ഇപ്പോൾ കാര്യങ്ങൾ. ഏതു പാർട്ടിയിൽ നിന്നും വോട്ടുകൾ ചോർന്നേക്കാം.

താൻ ജാവേദ്കറെ മകന്റെ ഫ്ലാറ്റിൽവെച്ചു കണ്ടു എന്നു വോട്ടെടുപ്പ് ദിവസം ജയരാജൻ വെളിപ്പെടുത്തിയത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിൽ ആഴ്ത്തിയ സംഭവമാണ്. വോട്ടെടുപ്പ് ദിവസം എന്തിനീക്കാര്യം ജയരാജൻ പുറത്തു വിട്ടു എന്നു സിപിഎം അണികൾ അന്യോന്യം ചോദിക്കുന്നു. അവർക്കു ഹൃദയ വേദന ഉണ്ടാക്കിയ കാര്യമാണത്. പാർട്ടിയുടെ ഉന്നത സ്ഥാനത്തു നിൽക്കുന്ന ഒരാൾ ഇങ്ങിനെ ചെയ്യുന്നുവെങ്കിൽ എങ്ങിനെ നേതാക്കളെ വിശ്വസിക്കും എന്ന ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു. എന്തായാലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പാർട്ടിയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച സിപിഎം പ്രവർത്തകർക്കും പാർട്ടിക്ക് വേണ്ടി ജീവൻ ബലി കൊടുത്ത രക്തസാക്ഷി കുടുംബങ്ങൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല ജയരാജന്റെ രാഷ്ട്രീയം. എന്നാൽ, പരമാവധി ഒരു ശാസനയിൽ ഒതുക്കി ജയരാജനെയും പാർട്ടിയെയും ഈ പ്രതിസന്ധിയിൽ നിന്നു കരകയറ്റാൻ പിണറായി വിജയൻ അടക്കമുള്ളവർ പ്രതിജ്ഞബദ്ധരാണ്.

Leave a Reply

Your email address will not be published. Required fields are marked *