രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനത്തു നിന്നും പുറത്തേക്കോ ?

വാവിട്ട വാക്കും കൈവിട്ട കോടലിയും തിരിച്ചെടുത്താനാവില്ല അതുകൊണ്ടു പ്രയോഗിക്കുമ്ബോള്‍ സൂക്ഷിക്കണം , നല്ലവണ്ണം സൂക്ഷിക്കണം ഇത്തരത്തിലുള്ള പഞ്ച് ഡയലോഗുകള്‍ എഴുതിയ തിരക്കഥാകൃത്തും മികച്ച സംവിധായകനുമാണ് രഞ്ജിത്ത്.എന്നാല്‍ കലാകാരൻമാരെ അധികാര സ്ഥാനങ്ങളില്‍ ഇരുത്തുമ്ബോഴുണ്ടാകുന്ന അപ്ര ഭ്രം ങ്ങള്‍ രഞ്ജിത്തിനെയും പിടികൂടിയെന്നു വേണം കരുതാൻ , ന്യൂ ഇന്ത്യൻ എക്സ്പ്രസ് ടീമിന് നല്‍കിയ പ്രത്യേക വീഡിയോ ഇന്റര്‍വ്യൂവിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കൂടിയായ രഞ്ജിത്തിന് പലയിടങ്ങളിലും കണ്‍ട്രോള്‍ പോയത്.

വാവിട്ട വാക്കുകള്‍ വിവാദമായപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ് കോഴിക്കോട് നോര്‍ത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപില്‍ മത്സരിപിക്കാൻ തീരുമാനിച്ചതായിരുന്നു രഞ്ജിത്തിനെ . അതും ജനകീയ എം. എല്‍ എ യെന്ന് പേരെടുത്ത കെ.പ്രദീപ് കുമാറിന് പകരം. സംഭവം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിനിടയാക്കിയപ്പോള്‍ രഞ്ജിത്ത് തലയൂരുകയായിരുന്നു. ഇതിന് പകരമായാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത്.

സ്ഥാനമേറ്റതു മുതല്‍ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് തലവേദനയായി മാറുകയായിരുന്നു രഞ്ജിത്ത്. ഏറ്റവും ഒടുവില്‍ സമാന്തര സിനിമ സംവിധായകനായി വര്‍ഷങ്ങളായി രാജ്യത്തിനകത്തും പുറത്തും നിറഞ്ഞു നില്‍ക്കുന്ന ടൊവിനോ തോമസ് അഭിനയിച്ച അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയ്ക്കു നേരെയാണ് മെക്കിട്ടു കയറിയത്. ഈ സിനിമയ്ക്കു കാതല്‍ പോലെയുള്ള തമിഴ് ചിത്രത്തിന് ആള്‍ക്കാര്‍ കയറിയതുപോലെ എന്തുകൊണ്ടു തീയേറ്ററില്‍ ആളുകള്‍ കയറിയില്ലെന്നായിരുന്നു രഞ്ജിത്തിന്റെ ചോദ്യം.

തന്റെയൊക്കെ സിനിമയുടെ പ്രസക്തി ഡോ.ബിജു വൊക്കെ ആലോചിക്കണമെന്നായിരുന്നു വിമര്‍ശനം. ഇതോടെയാണ്ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനത്തിരുന്നുള്ള രഞ്ജിത്തിന്റെ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടാൻ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കെഎസ്‌എഫ്ഡിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന സംവിധായകൻ ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമര്‍ശങ്ങളില്‍, നേരിട്ടു കണ്ടു വിശദീകരണം നല്‍കാൻ നിര്‍ദേശിച്ചതായി മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ അറിയിച്ചിട്ടുണ്ട്.

രഞ്ജിത്ത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നു പറഞ്ഞ മന്ത്രി, ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളില്‍ മന്ത്രി എന്ന നിലയില്‍ ഇടപെട്ടതാണെന്നും അതില്‍ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. നിയമസഭാ സമ്മേളനകാലത്തു നടന്ന കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്നു വകുപ്പ് മന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ലെന്നും താൻ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയതെന്നടക്കമുളള വിവാദ പരാമര്‍ശങ്ങളും അഭിമുഖത്തില്‍ രഞ്ജിത്ത് നടത്തിയിരുന്നു.

രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ഡോ.ബിജു തുടര്‍ന്നാണ് കെഎസ്‌എഫ്ഡിസി ബോര്‍ഡ് അംഗത്വവും രാജിവച്ചത്. സമൂഹ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് രൂക്ഷ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. സിപിഎം അനുഭാവികളായ സാംസ്കാരിക-സിനിമാ പ്രവര്‍ത്തകര്‍ തന്നെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. നേരത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ആരോപണം ഉന്നയിച്ചെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കേരള രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നതിനിടെ ഇത്തരം പരാമര്‍ശങ്ങളും വിവാദങ്ങളും ഉണ്ടായതില്‍ സര്‍ക്കാരും അതൃപ്തിയിലാണ്. മന്ത്രിയുമായി ഇടഞ്ഞ രഞ്ജിത്ത് അക്കാദമി ചെയര്‍മാൻ സ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യുഹം പരയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *