ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയെന്ന പ്രചാരണം കിട്ടുന്ന വേദികളിലെല്ലാം ഉന്നയിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചിരുന്ന സി.പി.എം നേതൃത്വത്തിന് ഓർക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയായിരുന്നു മുതിർന്ന സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറയുമായ ഇ.പി ജയരാജനെതിരേ വോട്ടെടുപ്പിന്റെ തലേദിവസം ദല്ലാള്‍ നന്ദകുമാർ തൊടുത്തുവിട്ട ആയുധം.
പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന നന്ദകുമാറിന്റെ ആരോപണം വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. ഇതിനൊപ്പം ബി.ജെ.പി പ്രവേശനത്തിനായി ഇ.പി തന്നൊടൊത്ത് ചർച്ച നടത്തിയെന്നുള്ള ബി.ജെ.പി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും വലിയ പ്രതിരോധത്തിലേക്കാണ് സി.പി.എമ്മിനെ തള്ളിവിട്ടത്. ജാവഡേക്കറെ കണ്ടിരുന്നുവെന്ന് ഇ.പികൂടി സമ്മതിച്ചതോടെ മുഖ്യമന്ത്രിയില്‍നടന്നടക്കം അദ്ദേഹത്തിനെതിരേ പരസ്യ പ്രതികരണവും വന്നു.
തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലായിപ്പോയി ഈ വെളിപ്പെടുത്തലകളെന്ന വിലയിരുത്തല്‍ കൂടിയുണ്ടായതോടെ ജായരാജനെ എല്‍.ഡി.എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നുപോലും മാറ്റിയേക്കുമെന്ന സൂചനകളും ഉയർന്നു. എന്നാല്‍ ഇ.പിയുടെത് നിഷ്കളങ്ക നിലാപടെന്ന് പറഞ്ഞ് ഒരു നടപടിയുമെടുക്കാതെ പൂർണമായും സംരക്ഷിച്ചിരിക്കുകയാണ് തിങ്കളാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. മറിച്ചുള്ള ആരോപണങ്ങളെല്ലാം മാധ്യമങ്ങളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്തു. ഇതോടെ ഇ.പിയ്ക്ക് പൂർണസംരക്ഷണമൊരുക്കി വിവാദങ്ങളെ തല്‍ക്കാലം ശമിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.
പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് ഇ.പി ജയരാജനും ഇ.പിയെ കണ്ടുവെന്ന് പ്രകാശ് ജാവേഡക്കറും പറഞ്ഞിരുന്നുവെന്നും ഇതില്‍ വിവാദത്തിന്റെ ആവശ്യമെന്തെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ചോദ്യം. മറിച്ചുള്ളതെല്ലാം സി.പി.എമ്മിനെ തകർക്കാനുള്ള അടവ് എന്ന പതിവ് വിമർശനത്തില്‍ എം.വി ഗോവിന്ദൻ ഒതുക്കുകയും ചെയ്തു.
പ്രധാനമന്ത്രി വിളിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊല്ലം എം.പി എം.കെ പ്രേമചന്ദ്രനടക്കമുള്ളവർക്കെതിരേ ബി.ജെ.പി പ്രവേശനം ആരോപിച്ച് വലിയ ചർച്ചകള്‍ക്കായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് സി.പി.എം തുടക്കമിട്ടത്. അത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലടക്കം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ മുതിർന്ന നേതാവ് ഒരു ബി.ജെ.പി നേതാവിനെ ഫ്ലാറ്റില്‍വെച്ച് കണ്ടത് നിഷ്കളങ്ക നിലപാടായും പാർട്ടി കണക്ക് കൂട്ടുന്നു. പക്ഷെ, ഇതിനുശേഷവും തിരുവനന്തപുരത്തെ കൂടിക്കാഴ്ച അത്ര നിഷ്ടകളങ്കമായിരുന്നില്ലെന്ന് വീണ്ടും പറയുന്നുണ്ട് ദല്ലാള്‍ നന്ദകുമാർ. ഇതിനെ നേതൃത്വം വിലക്കെടുക്കുന്നുമില്ല.
ജയരാജനെതിരേ തുടർച്ചയായി ഉയരുന്ന ആരോപണം പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരില്‍ നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസ് അടക്കമുള്ളവർ തങ്ങള്‍ക്കെതിരേ ഉപയോഗിക്കുമെന്ന തിരിച്ചറിവാണ് നടപടിയില്‍നിന്ന് വിട്ടുനില്‍ക്കാൻ പാർട്ടിയെ നിർബന്ധിതമാക്കുന്നതെന്ന് വിലയിരുത്തലുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയെന്ന് ആരോപിച്ചവർക്ക് മറുപടി കൊടുക്കാൻ പ്രതിപക്ഷത്തിന് കിട്ടുന്ന ഏറ്റവും മൂർച്ചയുള്ള ആയുധമായി അത് മാറുമെന്നും സി.പി.എം കരുതുന്നു. ഇതാണ് തിടുക്കത്തിലുള്ള പാർട്ടി നടപടിയില്‍നിന്ന് സി.പി.എം നേതൃത്വത്തെ പിന്നോട്ടുവലിക്കുന്നത്.
എല്‍.ഡി.എഫ് കണ്‍വീനർ എന്ന നിലയില്‍ ജയരാജൻ വേണ്ടത്ര സജീവമെല്ലെന്ന ആക്ഷേപം മുന്നണിക്കുള്ളില്‍ നേരത്തെതന്നെയുണ്ട്. ഇതിന് പുറമെയാണ് മുന്നണിയെ തന്നെ പ്രതിസന്ധിയാക്കുന്നതരത്തില്‍ ജയരാജൻ വിവാദങ്ങള്‍ക്ക് തലവെച്ച് കൊടുക്കുന്നതെന്ന് നേതാക്കള്‍ തന്നെ പറയുന്നു. രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടുള്ള വിവാദം, ദല്ലാള്‍ നന്ദകുമാറുമായുള്ള കൂടിക്കാഴ്ച, ഇപ്പോള്‍ ഉയർന്നുവന്ന ജാവഡേക്കർ വിവാദം, ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം ഒന്നിനുപുറമെ ഒന്നായി ഇ.പി ജയരാജനെതിരേ വന്നത്.
ഇതിലൊന്നും നേതൃത്വം മിണ്ടിയിരുന്നില്ലെങ്കിലും ജാവഡേക്കർ കൂടിക്കാഴ്ചയില്‍ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നതോടെയാണ് ഇ.പിക്കെതിരേ നടപടിയുണ്ടായേക്കുമെന്ന സാഹചര്യം ഉടലെടുത്തത്. ഇതിന് പിന്നാലെ മുന്നണിയിലെ മറ്റുചില നേതാക്കളും മുഖ്യമന്ത്രിയുടെ പ്രതികരണം ഏറ്റുപിടിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം സെക്രട്ടേറിയേറ്റ് കൂടിയെങ്കിലും ഒരു തരത്തിലുള്ള നടപടിയിലേക്കും പാർട്ടി പോയതുമില്ല. പകരം ദല്ലാല്‍ നന്ദകുമാറുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ഇ.പിയോട് ആവശ്യപ്പെടുക മാത്രം ചെയ്തു.
ഇ.പിക്കെതിരേ മുഖ്യമന്ത്രിയുടെ പരസ്യവിമർശനംതന്നെ ഒരു പാർട്ടി നടപടി എന്ന നിലയിലാണ് നേതൃത്വം കാണുന്നത്. പാപിയോടൊപ്പം ശിവൻ ചേർന്നാല്‍ ശിവനും പാപിയാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മാത്രമല്ല ജയരാജന്റെ ജാഗ്രതക്കുറവിനെ ഓർമിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി ഇങ്ങനെയൊരു പരസ്യപ്രതികരണം നടത്തിയതിലൂടെ വിവാദങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനായെന്നും പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.