ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോര്‍മയില്ലെന്ന് അഫാൻ ; ആരോഗ്യനില തൃപ്തികരം,മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റ്‌

പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഫാൻറെ മൊഴി മജിസ്ട്രേറ്റ്‌ ഇന്നലെ രേഖപ്പെടുത്തി. ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമയില്ലെന്നാണ് അഫാൻ മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്.

എന്നാല്‍, അഫാന് ഓർമക്കുറവുള്ളതിൻറെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഓർമക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളും നടത്തിയിട്ടില്ല.

മേയ് 25നാണ് പൂജപ്പുര സെൻട്രല്‍ ജയിലിലെ യു.ടി ബ്ലോക്കിലെ ശുചിമുറിയില്‍ മുണ്ട് ഉപയോഗിച്ച്‌ ആത്മഹത്യ ചെയ്യാൻ അഫാൻ ശ്രമിച്ചത്. രണ്ടാംവട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. സഹോദരനെയും കാമുകിയെയും ബന്ധുക്കളെയും അടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലാണ് അഫാൻ റിമാൻഡില്‍ കഴിയുന്നത്‌.

പൂജപ്പുര ജയിലിലെ യു.ടി.ബി ബ്ലോക്കിലെ പ്രശ്നക്കാരായ തടവുകാരെ പാർപ്പിക്കുന്ന ബ്ലോക്കാണിത്. ഉണക്കാനിട്ടിരുന്ന മുണ്ട് എടുത്താണ് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ കണ്ടതോടെ മറ്റ് തടവുകാരുടെ സഹായത്തോടെ ഉടൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകങ്ങള്‍ നടന്നത്. പിതൃമാതാവ് സല്‍മ ബീവി, സഹോദരൻ അഫ്‌സാൻ, പിതൃസഹോദരൻ അബ്ദുല്‍ ലത്തീഫ്, ഭാര്യ ഷാഹിദ ബീവി, സുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. രാവിലെ 10 മണിക്കും വൈകീട്ട് അഞ്ചd മണിക്കുമിടയിലാണ് അഞ്ചു കൊലപാതകങ്ങളും നടന്നത്. അഫാൻറെ മാതാവ് ദീർഘ കാലത്തെ ചികിത്സക്ക് ശേഷം രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *