ചാണ്ടി ഉമ്മനുമായി ഭിന്നതയില്ല, പരാതി പറയേണ്ടത് പാര്‍ട്ടി നേതൃത്വത്തിനോടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഏറ്റവും ബഹുമാനിക്കുന്ന സാറിന്റെ മകൻ എന്ന ബന്ധം മാത്രമല്ല ഏറ്റവും പ്രിയപ്പെട്ട സഹോദരതുല്യനായ ആളാണ് ചാണ്ടി ഉമ്മനെന്നും രാഹുല്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

അദ്ദേഹത്തിന് പറയാനുള്ളത് പാർട്ടി നേതൃത്വത്തിനോടാണ് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

‘പാർട്ടി നേതൃത്വത്തിനോടാണ് അദ്ദേഹം ആശങ്ക ഉന്നയിച്ചത്. അതിന് മറുപടി നല്‍കേണ്ടത് പാർട്ടി നേതൃത്വമാണ്. ഞാൻ നേതൃത്വത്തിലുള്ളയാളല്ല. ചാണ്ടി ഉമ്മന്റെ സാന്നിദ്ധ്യം വളരെ ഗുണകരമായി തന്നെ പാലക്കാട് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഭവനസന്ദർശനത്തിലും മറ്റ് പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഗുണകരമായി തന്നെ സ്വാധീനം ചെലുത്തി. എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ജനങ്ങള്‍ക്ക് വലിയ ഇഷ്ടമുള്ള നേതാക്കന്മാരുണ്ട്. അവർ എല്ലാ ദിവസവും മണ്ഡലത്തില്‍ വരണമെന്നില്ല’- രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

ചിലരെ മാറ്റിനിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയില്‍ ഇപ്പോള്‍ ഉണ്ടാവുന്നതെന്നാണ് ചാണ്ടി ഉമ്മൻ പാർട്ടി നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമാക്കി പറഞ്ഞത്. ‘ചിലരെ മാറ്റിനിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയില്‍ ഇപ്പോള്‍ ഉണ്ടാവുന്നത്. താഴെത്തട്ട് മുതലുള്ള ആളുകളെ ചേർത്തുപിടിച്ച്‌ മുന്നോട്ട് പോവുകയാണ് സംഘടന ചെയ്യേണ്ടത്. ഇവിടെ മാറ്റിനിർത്തുന്ന സമീപനം ഉണ്ടാവുന്നു. ഈ യാഥാർത്ഥ്യം ഉള്‍ക്കൊണ്ട് അവരെക്കൂടി ചേർത്ത് ഒന്നിച്ച്‌ മുന്നോട്ടുപോകാൻ ശ്രമിക്കണം.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാവർക്കും ചുമതല കൊടുത്തു. എനിക്ക് നല്‍കിയില്ല. അതിന്റെ കാരണം എനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചർച്ചചെയ്യാനില്ല. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച്‌ നിർത്തി നേതൃത്വം മുന്നോട്ട് പോകണം. പാർട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണം എന്ന അഭിപ്രായം എനിക്കില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ച്‌ കൊണ്ടുപോകണം. ‘- എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *