സംസ്ഥാനത്ത്ശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കേരളത്തില്‍ മഴ ശക്തമാകുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ അതീവ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്‌, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു.

തിങ്കളാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട്‌ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്‌. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ട്‌. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ തിങ്കളാഴ്‌ചയും ചൊവ്വാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച മധ്യ, തെക്കൻ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ശബരിമലയില്‍ മഴയും മൂടല്‍ മഞ്ഞും മൂലം തിരക്ക്‌ കുറവായിരുന്നു.

അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ച്‌ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി.
അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം.

Leave a Reply

Your email address will not be published. Required fields are marked *