വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വെട്ടിക്കുറച്ച്‌ ഓസ്‌ട്രേലിയ

അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിച്ച്‌ ഓസ്‌ട്രേലിയ. വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായാണ് അടുത്ത വര്‍ഷത്തെ പ്രവേശനം അനുവദിക്കൂവെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം.

ഇത് ഓസ്‌ട്രേലിയയില്‍ ഉന്നത പഠനത്തിന് അവസരം തേടുന്ന പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച മലയാളികളാണ് ഓസ്‌ട്രേലിയയില്‍ ഉന്നത പഠനത്തിനായി പോകുന്നവരില്‍ അധികവും. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒറ്റയടിക്ക് പകുതിയോളമാക്കിയാണ് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രാലയം കുറച്ചത്.

അടുത്ത വര്‍ഷം രാജ്യത്തെ പൊതുപണം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ 1.45 ലക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്കും വൊക്കേഷണല്‍ ട്രെയിനിങ് സ്ഥാപനങ്ങളില്‍ 95000 പേര്‍ക്കും മാത്രം പ്രവേശനം നല്‍കുമെന്നാണ് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ വ്യക്തമാക്കിയത്. സ്വകാര്യ സര്‍വകലാശാലകളിലും സര്‍വകലാശാല ഇതര ഉന്നത പഠന കേന്ദ്രങ്ങളിലുമായി 30000 പേര്‍ക്കും പ്രവേശനം നേടാനാവും. രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കൊവിഡിന് മുന്‍പത്തെ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗാമായാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് വിവരം.

ഔദ്യോഗിക കണക്ക് പ്രകാരം 2022 ല്‍ 100009 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഓസ്‌ട്രേലിയയില്‍ വിവിധ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടിയത്. ഇതില്‍ ഉള്‍പ്പെടാത്ത 1.22 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 2023 ജനുവരി -സെപ്തംബര്‍ കാലത്ത് നടത്തിയ മറ്റൊരു കണക്കെടുപ്പ് പ്രകാരം ഓസ്‌ട്രേലിയയില്‍ പഠിക്കുന്നുണ്ട്. 2023 സെപ്തംബറിലെ കണക്ക് പ്രകാരം വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവുണ്ടായി. ഇതിനിടയിലാണ് പുതിയ തീരുമാനം പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *