എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അദ്ധ്യാപികയുമായ പി. വത്സല (84) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.
വയനാട്ടിലെ വനവാസികളുടെ ജീവിതത്തെ അടുത്തറിയുകയും അതിനെപ്പറ്റി മറവുകളില്ലാതെ തുറന്നെഴുതാൻ ശ്രമിച്ച എഴുത്തുകാരിയായിരുന്നു. തിരുനെല്ലിയുടെ കഥാകാരി എന്നായിരുന്നു വത്സല സാഹിത്യ രംഗത്ത് അറിയപ്പെട്ടിരുന്നത്. 1960 കാലഘട്ടം മുതല്‍ തന്നെ വത്സല മലയാള സാഹിത്യ രംഗത്ത് സജീവമായിരുന്നു.
1939 ഓഗസ്റ്റ് 28 ന് കോഴിക്കോട് ജില്ലയിലായിരുന്നു വത്സലയുടെ ജനനം. കാനങ്ങാട് സ്വദേശിയായ ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായിരുന്നു. പ്രാഥമിക വിദ്യാഭ്യാസമെല്ലാം നടക്കാവ് സ്‌കൂളിലായിരുന്നു. പ്രോവിഡൻസ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദവും നേടി. ശേഷം കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപികയായി നിയമനം ലഭിച്ചു. തുടര്‍ന്ന് 32 വര്‍ഷക്കാലത്തെ അദ്ധ്യാപന ജീവിതവും നയിച്ചു. 1993 മാര്‍ച്ചില്‍ നടക്കാവ് ടി.ടി.ഐ.യില്‍ പ്രധാനാദ്ധ്യാപികയായിട്ടായിരുന്നു വത്സല വിരമിച്ചത്.
നെല്ല്, റോസ്‌മേരിയുടെ ആകാശങ്ങള്‍, ആരും മരിക്കുന്നില്ല, ആഗ്നേയം, ഗൗതമൻ, ചാവേര്‍, പാളയം, അരക്കില്ലം, കൂമൻകൊല്ലി, ആദിജലം, വേനല്‍, കനല്‍ തുടങ്ങിയവയാണ് വത്സലയുടെ പ്രധാനകൃതികള്‍. മികച്ച സാഹിത്യകാരിക്കുള്ള എഴുത്തച്ഛൻ പുരസ്‌കാരവും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നെല്ല് എന്ന കൃതിയ്‌ക്ക് കുങ്കുമം അവാര്‍ഡ് ലഭിച്ചു.
ഇവ കൂടാതെ എസ്.പി.സി.എസിന്റെ അക്ഷരപുരസ്‌കാരം, സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെ പേരിലുള്ള അക്ഷരപുരസ്‌കാരം, പി.ആര്‍. നമ്ബ്യാര്‍ അവാര്‍ഡ്, എം.ടി. ചന്ദ്രസേനൻ അവാര്‍ഡ്, ഒ. ചന്തുമേനോൻ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ക്കും വത്സല അര്‍ഹയായിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.