വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സന്ദർശനം തുടങ്ങി.
രാവിലെ പടമലയില്‍ ബേലൂർ മഗ്ന എന്ന കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഗവർണർ അവിടെ 15 മിനിട്ട് ചെലവഴിച്ചു.
കൂടാതെ, പാക്കത്ത് കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താല്‍കാലിക ജീവനക്കാരൻ വെള്ളച്ചാല്‍ പോളിന്റെ വീടും കടുവയുടെ ആക്രമണത്തില്‍ വാകേരിയില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും മൂന്നാഴ്ച മുമ്ബ് കാട്ടാന ആക്രമണത്തില്‍ ഗുരുതരായി പരിക്കേറ്റ കിടപ്പിലായ 16കാരന്‍റെ വീടും ഗവർണർ സന്ദർശിക്കുന്നുണ്ട്.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഭീഷണിയാവുന്ന സാഹചര്യം നിലനില്‍ക്കെ വനം മന്ത്രിയോ മുഖ്യമന്ത്രിയോ വയനാട്ടില്‍ എത്തിയില്ലെന്ന വിമർശനം ശക്തമാണ്. ഇതിനിടെയാണ് സർക്കാറിനെതിരെ പോർമുഖം തുറന്ന് മുന്നോട്ടു പോകുന്ന ഗവർണർ എത്തുന്നത്. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കർശന സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ചാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ കോണ്‍ഗ്രസ് നേതാവും സ്ഥലം എം.പിയുമായ രാഹുല്‍ ഗാന്ധി ഇന്നലെ വയനാട്ടിലെത്തിയത്. പടമലയില്‍ വേലൂർ മഗ്നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ വീടും പാക്കത്ത് കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താല്‍കാലിക ജീവനക്കാരൻ വെള്ളച്ചാല്‍ പോളിന്റെ വീടും കടുവയുടെ ആക്രമണത്തില്‍ വാകേരിയില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുല്‍ സന്ദർശിച്ചു.
ഗൃഹസന്ദർശനങ്ങള്‍ കഴിഞ്ഞ് കല്‍പറ്റയിലെത്തിയ രാഹുല്‍ ഗാന്ധി തോല്‍പ്പെട്ടി, പുളിഞ്ഞാല്‍ എന്നിവിടങ്ങളില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് സംസാരിച്ചു. തുടർന്ന് വന്യമൃഗ ആക്രമണങ്ങളെ കുറിച്ചുള്ള യോഗത്തിലും രാഹുല്‍ ഗാന്ധി സംബന്ധിച്ചിരുന്നു.