പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ ഗരുഡന്‍ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരുക്കേറ്റ സംഭവത്തില്‍ അടൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു.
തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പൊലീസ് പ്രതി ചേര്‍ത്തു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണുപരിക്കേറ്റതെന്നാണ് എഫ്‌ഐആര്‍.
ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്.
ഏഴംകുളം ദേവീക്ഷത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കൈയില്‍ നിന്നും വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.Dailyhunt