ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണം, സ്‌പോട്ട് ബുക്കിങ് തിരിച്ചു കൊണ്ടുവരണം : രമേശ് ചെന്നിത്തല

ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമല അന്യസംസ്ഥാന തീര്‍ഥാടരുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സ്‌പോട്ട് ബുക്കിങ് പരിപാടി തിരിച്ചു കൊണ്ടുവരണം. ഇല്ലെങ്കില്‍ അന്യസംസ്ഥാനത്ത് നടത്തുന്ന ഭക്തന്മാരെ ഇത് പ്രതികൂലമായി ബാധിക്കും. പുറത്തുനിന്ന് വരുന്ന എല്ലാ ഭക്തരും ആധുനിക സാങ്കേതികവിദ്യ അറിയുന്നവരാകണമെന്ന് ശാഠ്യം പിടിക്കരുത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്‌പോട്ട് ബുക്കിങ്ങിനെക്കുറിച്ച്‌ ഒരക്ഷരം പറയുന്നില്ല. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കണമെന്ന് എന്തിനാണീ വാശി. ശബരിമലയിലെ മുഴുവന്‍ അശാസ്ത്രീയ പരിഷ്‌കാരങ്ങളും പിന്‍വലിക്കണം.

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിചയസമ്ബന്നരായ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു നിയോഗിക്കേണ്ടതിന്റെ ആവശ്യകത. കഴിഞ്ഞതവണ പരിചയസമ്ബന്നരായ ഉദ്യോഗസ്ഥരെ പിന്‍വലിച്ച്‌ നടത്തിയ പരീക്ഷണങ്ങളാണ് പൊളിഞ്ഞുപാളീസായത്. ജനക്കൂട്ടത്തെ നിയന്ത്രിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ പതിനെട്ടാംപടിയിലൂടെ വളരെപ്പെട്ടെന്ന് ഭക്തരെ കടത്തിവിടാന്‍ സാധിക്കും.

നിലയ്ക്കലില്‍ നിന്നും പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി ഈടാക്കുന്ന അമിത ചാര്‍ജിനെ കുറിച്ച്‌ ഭക്തര്‍ കാലങ്ങളായി പ്രതിഷേധിക്കുന്നതാണ്. ഇത് പിന്‍വലിക്കണം. കേരളത്തിന്റെ സമ്ബദ് വ്യവസ്ഥയിലേക്ക് ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. അവരെ കെഎസ്‌ആര്‍ടിസി ഉപയോഗിച്ച്‌ പിഴിയരുത്.

ഈ വിവരങ്ങളെല്ലാം കാട്ടി മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ പൊതു സമൂഹത്തിൻ്റെ അടക്കം അഭിപ്രായം ആരാഞ്ഞ് ഏറ്റവും ഫലപ്രദമായി പദ്ധതികള്‍ നടപ്പാക്കി മണ്ഡലക്കാലം ഭക്തര്‍ക്ക് മികവുറ്റ അനുഭവമാക്കി മാറ്റണം.

Leave a Reply

Your email address will not be published. Required fields are marked *