കര്‍ണാടകത്തില്‍ ഐ.ടി. ജീവനക്കാരുടെ തൊഴില്‍സമയം 14 മണിക്കൂര്‍വരെ വര്‍ധിപ്പിക്കാൻ നീക്കം

ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറായി നീട്ടാൻ കർണാടകത്തില്‍ നീക്കം . കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ് ആലോചന.

നിലവില്‍ ഒൻപത് മണിക്കൂർ ജോലിയും പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉള്‍പ്പെടെ പത്തുമണിക്കൂർവരെയാണ് ജോലിസമയം.

കഴിഞ്ഞദിവസം തൊഴില്‍വകുപ്പ് വിളിച്ചുചേർത്ത ഐ.ടി. കമ്ബനികളുടെയും ജീവനക്കാരുടെയും പ്രതിനിധികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം ഇക്കാര്യം ചർച്ചചെയ്തു. പുതിയബില്ലില്‍ സാധാരണ ജോലിസമയം 12 മണിക്കൂറാക്കി ഉയർത്താനാണ് നിർദേശം.ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ എതിർപ്പുയർത്തിയതോടെ കൂടുതല്‍ ചർച്ചനടത്തുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി സന്തോഷ് എസ്. ലാഡ് വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങളും പിരിച്ചുവിടല്‍ ആശങ്കകളും ചൂണ്ടിക്കാട്ടി ഈ നീക്കത്തില്‍ ജീവനക്കാർ കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത് .

നിലവില്‍ നിയമപ്രകാരം മൂന്നുമാസത്തിനുള്ളില്‍ ആകെ 50 മണിക്കൂർ മാത്രമേ ഓവർടൈമായി ജോലിചെയ്യിക്കാനാകൂ. പുതിയ ബില്ലില്‍ ഇത് 125 മണിക്കൂറാക്കാൻ ഉദ്ദേശിക്കുന്നു . ദിവസം രണ്ടുമണിക്കൂർ ഓവർടൈം ഇതുവഴി ലഭിക്കും. നിലവില്‍ മൂന്നു ഷിഫ്റ്റുകളായാണ് പല ഐ.ടി. കമ്ബനികളും പ്രവർത്തിക്കുന്നത്. പുതിയ ബില്‍ നടപ്പായാല്‍ രണ്ട് ഷിഫ്റ്റുകളിലേക്ക് മാറാനാകും. മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും ഇത് വഴിതെളിക്കുമെന്ന് ജീവനക്കാർ പറയുന്നു. ഐ.ടി.കമ്ബനി ഉടമകളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും ജീവനക്കാർ പ്രതികരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *