ഒടുവില്‍ ആശ്വാസം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി, 141 യാത്രക്കാരുമായി വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂര്‍

ട്രിച്ചി വിമാനത്താവളത്തില്‍ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കി. തിരിച്ചിറക്കാൻ കഴിയാതെ രണ്ട് മണിക്കൂറായി ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു.

ട്രിച്ചിയില്‍ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയർ പ്രശ്‌നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. വിമാനം ഇടിച്ചിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു.

ട്രിച്ചിയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് ശ്രദ്ധയില്‍ പെടുകയായിരുന്നു. എന്നാല്‍ തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ്ങിന് ശ്രമിച്ചത്. 18 ഫയർ എഞ്ചിനുകള്‍ സ്റ്റാൻഡ്‌ബൈയില്‍ സജ്ജീകരിച്ച്‌ ബെല്ലി ലാൻഡിംഗിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. വിമാനത്താവളത്തില്‍ ആംബുലൻസുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബോയിംഗ് 737 വിമാനത്തില്‍ 141 യാത്രക്കാരാണ് ഉള്ളത്.

ഇക്കഴിഞ്ഞ ഫെബ്രുവരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും സമാനസാഹചര്യം ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് നിന്ന് ദമാമിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യന്ത്രതകരാറിനെത്തുടര്‍ന്ന് യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയത്.

IX385 എയർഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മണിക്കൂറുകളുടെ അനിശ്ചിതത്വത്തിന് ഒടുവിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

രാവിലെ 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസുകയായിരുന്നു എന്നാണ് സൂചന. ഹൈഡ്രോളിക് ഗിയറിന് തകരാറ് സംഭവിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തിരുവനന്തപുരം വിമാനത്താവളം അനുമതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *