എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും, പ്രതിസന്ധികളെ അവഗണിച്ച്‌ മുന്നോട്ട് പോകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

തന്റെ മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും അവഗണിച്ച്‌ മുന്നോട്ട് പോകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. വര്‍ഗ്ഗീയവാദി’ ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ല.

ഏറെ റിസ്‌ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. പൊലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകള്‍ക്കെതിരെയാണ് പോരാട്ടം. എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം അധികം വൈകാതെ തന്നെ വരുമെന്നും അന്‍വര്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം…

പ്രിയപ്പെട്ടവരേ..ഏറെ റിസ്‌ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്.പൊലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകള്‍ക്കെതിരെയാണ് നമ്മുടെ പോരാട്ടം.എന്നാല്‍ ഇതിനെ കൗണ്ടര്‍ ചെയ്യാന്‍ ഒരുപറ്റം മാധ്യമങ്ങളെ ചിലര്‍ രംഗത്തിറക്കിയിട്ടുണ്ട്.ഏഷ്യാനെറ്റ് ന്യൂസ് മുതല്‍ മറുനാടന്‍ മലയാളി,മലയാളി വാര്‍ത്ത,എ.ബി.സി ന്യൂസ് എന്നീ ഓണ്‍ലൈന്‍ മഞ്ഞചാനലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.സദുദ്ദേശത്തോടെ സമീപിച്ച ഒരു വിഷയത്തെ ‘വര്‍ഗ്ഗീയതയുടെ നിറം’ നല്‍കി റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്.അതിന്റെ ഭാഗമായുള്ള ‘വര്‍ഗ്ഗീയവാദി ചാപ്പ പതിക്കല്‍’ ഉള്‍പ്പെടെ ഇവര്‍ നിര്‍ബാധം തുടരുന്നുണ്ട്.എന്തൊക്കെ പ്രതിസന്ധികള്‍ മുന്‍പിലുണ്ടായാലും അതിനെയൊക്കെ അവഗണിച്ച്‌ മുന്‍പോട്ട് പോവുക തന്നെ ചെയ്യും.’വര്‍ഗ്ഗീയവാദി’ ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട് പോകാന്‍ തയ്യാറല്ല. പുഴുക്കുത്തുകള്‍ പുറത്താകും വരെ ഈ വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി തന്നെ ഇവിടെയുണ്ടാകും.ഇത്തരം മഞ്ഞചാനല്‍ പ്രചരണങ്ങളെ അവഗണിക്കണം.ഇവരുടെ നെഗറ്റീവ് വാര്‍ത്തകളുടെ ലിങ്ക് ഓപ്പണ്‍ ചെയ്ത്,ഇവര്‍ക്ക് റീച്ച്‌ കൂട്ടി കൊടുക്കാന്‍ നില്‍ക്കരുതെന്ന് എല്ലാ പ്രിയപ്പെട്ടവരോടും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും.അധികം വൈകാതെ തന്നെ..ഏവര്‍ക്കും ഓണാശംസകള്‍..

പി വി അന്‍വര്‍ എംഎല്‍എയും എഡിജിപി എം ആര്‍ അജിത് കുമാറും ഉള്‍പ്പെട്ട വിവാദം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാട് മയപ്പെടുത്താതെ അജിത് കുമാറിനെതിരെ അന്‍വര്‍ മുന്നോട്ടു പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *