ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്.
പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി, മൊഴി നല്‍കിയവരെ മാനസിക സമ്മർദത്തിലാക്കുകയാണെന്നും സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം തടയാൻ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരില്‍നിന്ന് പ്രത്യേകാന്വേഷണസംഘം വിവരം ശേഖരിക്കാനിരിക്കെയാണ് ഡബ്ല്യു.സി.സി.യുടെ ആവശ്യം.
രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ഒരു ചാനലിന്റെ പേരെടുത്തുപറഞ്ഞും കുറ്റപ്പെടുത്തിയുമാണ് കത്ത്. ഹേമ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിലേക്കു കൊണ്ടുവന്നതോടെ കോടതി ഉത്തരവുപോലും ലംഘിച്ച് മാധ്യമവിചാരണകളിലേക്ക് വലിച്ചിഴയ്ക്കുന്ന അവസ്ഥയാണ്. പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് രഹസ്യമായിരിക്കണമെന്ന് ഹേമ കമ്മിറ്റിയും സർക്കാരും കോടതിയും തീരുമാനിച്ച മൊഴികളാണ് പുറത്തുവരുന്നത്. റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കത്തെ സംശയിക്കേണ്ടിയിരിക്കുന്നു. പുറത്തുവരുന്ന വിവരങ്ങളിലൂടെ മൊഴി കൊടുത്തവർ ആരാണെന്ന് തിരിച്ചറിയാനാകും -ഡബ്ല്യു.സി.സി. ചൂണ്ടിക്കാട്ടി.
മൊഴി കൊടുത്തവരുടെ സ്വകാര്യതയും രഹസ്യാത്മകതയും സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി. പ്രതിനിധികളായ ബീനാ പോള്‍, ദീദീ ദാമോദരൻ, രേവതി, റിമാ കല്ലിങ്കല്‍, ആശാ ജോസഫ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിനിമാ സെറ്റുകളില്‍ പോഷ് ആക്‌ട് നടപ്പാക്കുക, ഐ.സി. മോണിറ്ററിങ് കമ്മിറ്റിയെ സർക്കാരിന്റെ ശ്രദ്ധ കിട്ടുംവിധം പുനഃക്രമീകരിക്കുക, സിനിമാ നയരൂപവത്കരണത്തില്‍ സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്കും മുൻഗണന നല്‍കുക, ഫിലിം സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഫീസ് സൗജന്യമോ സ്കോളർഷിപ്പോ നല്‍കുക തുടങ്ങിയവയായിരുന്നു മറ്റാവശ്യങ്ങള്‍.