ഹിൻഡൻബര്‍ഗ് ആരോപണം തള്ളി സെബി ചെയര്‍പേഴ്സണും അദാനി ഗ്രൂപ്പും

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിന്‍റെ ആരോപണം തള്ളി സെബി ചെയർപേഴ്സണ്‍ മാധബി പുരി ബുച്ച്‌.

തന്‍റെയും ഭർത്താവിന്‍റെയും ജീവിതവും സാന്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാൻ തയാറാണെന്നും മാധബി ബുച്ച്‌ പ്രതികരിച്ചു. ഹിൻഡൻബർഗിന്‍റെ ആരോപണങ്ങള്‍ ശക്തമായി എതിർക്കുന്നുവെന്നും വ്യക്തിഹത്യയാണ് അവർ ചെയ്യുന്നതെന്നും ബുച്ച്‌ പ്രതികരിച്ചു.

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരേ അദാനി ഗ്രൂപ്പും രംഗത്തു വന്നിട്ടുണ്ട്. ലാഭം കൊയ്യുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച നിഗമനത്തില്‍ എത്തിച്ചേരുകയാണ് ഹിൻഡൻബർഗ് ചെയ്യുന്നതെന്നാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ആരോപണങ്ങള്‍ പൂർണമായും തള്ളിക്കളഞ്ഞ അദാനി ഗ്രൂപ്പ് ഹിൻഡൻബർഗിന്‍റെ അവകാശങ്ങള്‍ നികൃഷ്ടവും കൃത്രിമവുമാണെന്നും ആരോപിച്ചു.

സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയില്‍ സുപ്രീംകോടതി തള്ളുകയും ചെയ്ത അപകീർത്തികരമായ വിവരങ്ങള്‍ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത്. സെബി മേധാവിയുമായോ അവരുടെ ഭർത്താവുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അമേരിക്കൻ കന്പനി നടത്തുന്നതെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *