പതിനാലോളം പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ, ദിവ്യ ഫാര്‍മസി എന്നിവയുടെ 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുപ്രീം കോടതിയെ അറിയിച്ചു. പതഞ്ജലിയുടെ തെറ്റായ പരസ്യങ്ങള്‍ക്ക് എതിരെ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം. സുപ്രീം കോടതിയുടെ ഏതെങ്കിലും ഉത്തരവുകള്‍ ലംഘിക്കുന്ന ബോധപൂര്‍വമോ മനഃപൂര്‍വമോ ആയ ഒരു പ്രവൃത്തിയും ചെയ്യില്ലെന്ന് നേരത്തെ പതഞ്ജലി ആയുര്‍വേദ, ദിവ്യ ഫാര്‍മസി കമ്ബനികള്‍ സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റിക്ക് (എസ്‌എല്‍എ) സത്യാവാങ്മൂലം നല്‍കിയിരുന്നു. സുപ്രീം കോടതിയിലും സമാനമായ രീതിയില്‍ ക്ഷമാപണം നടത്തിയിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല.

1945ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് റൂള്‍ 159(1) പ്രകാരം, പ്രത്യേകിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട്, ആവര്‍ത്തിച്ചുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി കമ്ബനിയെ അറിയിച്ചത്.

ദിവ്യ ഫാര്‍മസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസരി അവലേ, മുക്ത വതി എക്‌സ്ട്രാ പവര്‍, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാഷിനി വാതി എക്‌സ്ട്രാ പവര്‍, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഇയെ ഗോള്‍ഡ് എന്നിവയും നിരോധിച്ച ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.

അതെ സമയം രാംദേവും സഹപ്രവര്‍ത്തകന്‍ ആചാര്യ ബാലകൃഷ്ണയും പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുമായി ബന്ധപ്പെട്ട കേസ് ഏപ്രില്‍ 30ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇരുവരും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *