പി.വി. അൻവറിന്‍റെ മിച്ചഭൂമി കേസ്: താൻ എന്തെങ്കിലും പറയുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി

നിലമ്ബുര്‍ എംഎല്‍എ പി.വി. അൻവറിനെ അനധികൃത ഭൂമി വിഷയത്തില്‍ താൻ എന്തെങ്കിലും പറയുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പാലക്കാട് നവകേരള സദസ് വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“അൻവറിനോട് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരോധമുണ്ട്. കാരണം നിങ്ങളുടെ ചില രീതികള്‍ അദ്ദേഹം നല്ലവണ്ണം ചോദ്യംചെയ്തു പോകുകയാണല്ലോ. ആ വിരോധം കൊണ്ട് നിങ്ങളങ്ങനെ നടക്ക്. എന്‍റെയടുക്കല്‍ നിന്ന് വേറെ മറുപടിയൊന്നും കിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മിച്ചഭൂമി കേസില്‍ പി.വി.അന്‍വറിനെതിരേ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.വി. ഷാജി നവകേരള സദസില്‍ പരാതി നല്കിയിരുന്നു. നിയമവിരുദ്ധമായ ഇളവുകള്‍ നല്‍കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നും കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഷാജി പരാതി നല്‍കിയത്.

പി.വി. അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന 6.24 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ രണ്ടുമാസം മുമ്ബ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *