തിരിച്ചറിയല്‍ കാര്‍ഡല്ല, ആരോപണങ്ങളാണ് വ്യാജമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.
അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിപിഎമ്മും ബിജെപിയും കാണിക്കുന്ന വെപ്രാളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണം വന്നേക്കുമെന്ന വാര്‍ത്തയിലാണ് രാഹുലിന്‍റെ പ്രതികരണം. ഏതന്വേഷണത്തെയും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലുമൊരു കേസ് പോലീസ് സിബിഐക്ക് കൈമാറുന്നതില്‍ സര്‍ക്കാര്‍ തടസവാദമുന്നയിക്കുന്നില്ല, പൊതുജനങ്ങളുടെ നികുതിപ്പണം ഈടാക്കുന്നില്ല എന്നെല്ലാം കേള്‍ക്കുമ്ബോള്‍ ഒരു പൗരനെന്ന നിലയില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പെരിയ കേസിലും ഷുഹൈബ് കേസിലും സിബിഐ അന്വേഷണം ആവശ്യപ്പെടുമ്ബോള്‍ സര്‍ക്കാര്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരാൻ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കുന്നു. യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലെങ്കിലും സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നില്ല എന്നുപറയുമ്ബോള്‍ സിപിഎമ്മിന്‍റെയും ബിജെപിയുടെയും താത്പര്യം ഒന്നുതന്നെയാണെന്ന് മനസിലായല്ലോ. ബിജെപിയുടെയും സിപിഎമ്മിന്‍റെയും താത്പര്യങ്ങള്‍ ഒരു പൊതുബിന്ദുവില്‍ വീണ്ടും ഒന്നിക്കുന്നു എന്നു പറയുന്നിടത്തുതന്നെ യൂത്ത് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ശരിയാണെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.