അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴ.
സംസ്ഥാനത്ത് നാലിടത്ത് തടഞ്ഞായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധന. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ചു.ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഇന്ത്യയില്‍ എവിടെയും സാധാരണ ബസിലെ പോലെ ആളെക്കയറ്റി ഓടാമെന്ന അവകാശവാദയുമായോടിയ റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലും വലിയ പിഴ. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകം ആദ്യത്തെ തടയല്‍. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥര്‍ മടങ്ങി.
പുതുക്കാട് എത്തിയപ്പോള്‍ വീണ്ടും എംവിഡി പരിശോധന നടത്തി. ഒരു മണിക്ക് പന്നിയങ്ക ടോള്‍ പ്ലാസയില്‍ നാട്ടുകാരുടെ സ്വീകരണം. പീന്നീട് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായില്ല. ആകെ ഈടാക്കിയത് 37500.എന്നാല്‍ തമിഴ്നാട്ടിലേക്ക് കയറിയ റോബിൻ ബസിന് ചാവടി ചെക്ക് പോസ്റ്റില്‍ ഈടാക്കിയത് 70,410 രൂപ. നികുതിയായി 32000 രൂപയും പിഴയായി 32000 രൂപയും ഉള്‍പ്പടെയാണിത്. കോണ്‍ട്രാക്‌ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പില്‍ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദിമില്ലെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് നിലപാട്. അടുത്ത ദിവസം ഗതാഗത സെക്രട്ടറി തന്നെ റോബിൻ ബസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.അങ്ങനെയെങ്കില്‍ നിയമപരമായി നേരിടാൻ തന്നെയാണ് റോബിൻ ബസ് ഉടമ ഗീരീഷിന്റെ തീരുമാനം.