നഴ്സിങ് വിദ്യാര്‍ഥികളും ഡോക്ടര്‍മാരുടെ സംഘടനയും നേര്‍ക്കുനേര്‍

ജില്ല ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ നഴ്സിങ് വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയായ ഡോ.

അഭിലാഷിനെ കേസന്വേഷണ ഘട്ടത്തില്‍ ജില്ലയില്‍ വീണ്ടും നിയമിച്ചതിനെതിരെ നഴ്സിങ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച ഡി.എം.ഒ ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്താനിരിക്കെ നഴ്സിങ് വിദ്യാര്‍ഥി സംഘടനയെ കടന്നാക്രമിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ.

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. അഭിലാഷിനെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയില്‍ നിന്നും കേരള ഗവ. നഴ്സിങ് സ്റ്റുഡന്റ്സ് അസോസിയേഷൻ പിന്മാറണമെന്ന് ഐ.എം.എ കാഞ്ഞങ്ങാട് ഘടകം ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് നഴ്സിങ് സ്കൂളിലെ ഏതാനും വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ഡോ. അഭിലാഷിനെ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു സ്ഥലം മാറ്റുകയും, പിന്നീട് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ഡോക്ടറുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തിരികെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നിയമിക്കുകയും ചെയ്തു.

കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്ബോഴും വിദ്യാര്‍ഥികളും ചില നഴ്സിങ് ഓഫിസര്‍മാരും ചേര്‍ന്ന് പരസ്യമായി വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചട്ടവിരുദ്ധമായി ഒരു ജാഥ സംഘടിപ്പിച്ചു. ജാഥയില്‍ ഡോ. അഭിലാഷിനെയും കുടുംബത്തെയും അപമാനിക്കുകയും അദ്ദേഹത്തെ തേജോവധം ചെയ്യും വിധം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

കുറ്റാരോപിതൻ മാത്രമായിട്ടുള്ളൊരു വ്യക്തിയെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊതുസമൂഹത്തില്‍ മന:പൂര്‍വം അപമാനിക്കാനും കരിവാരിതേക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നത് ഒരു സംഘടനക്കും ചേര്‍ന്നതല്ല. ഇതിനെതിരെയുള്ള പരാതി ഡി.എം.ഒയുടെ പരിഗണനയിലാണ്. വീണ്ടും ഇതേ രീതിയില്‍ ജാഥ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നഴ്സിങ് വിദ്യാര്‍ഥി സംഘടന.

ഇപ്പോള്‍ ഡോ. അഭിലാഷിനെ നഴ്സിങ് വിദ്യാര്‍ഥി സംഘടന ആഗ്രഹിക്കുന്ന തരത്തില്‍തന്നെ ഡിപാര്‍ട്മെന്റ് തല ശിക്ഷണ നടപടികള്‍ വേണമെന്ന ആവശ്യവുമായി നടത്താനുദ്ദേശിക്കുന്ന മാര്‍ച്ച്‌ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കോടതിയലക്ഷ്യവുമാണ്. ജില്ല ആശുപത്രിയിലെ നിരവധി ഡോക്ടര്‍മാര്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കി ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

അതുകൊണ്ട് ഇവരുടെ ട്രെയിനിങ് സെന്റര്‍ ജില്ല ആശുപത്രിയില്‍ നിന്നും മാറ്റണമെന്നും, ഇവര്‍ക്കെതിരെയുള്ള പരാതിയില്‍ വകുപ്പ് തല അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും കെ.ജി.എസ്.എൻ.എ പിന്മാറിയില്ലെങ്കില്‍ ഐ.എം.എയുടെ അംഗങ്ങളായ എല്ല ഡോക്ടര്‍മാരും നഴ്സിങ് വിദ്യാര്‍ഥികളെയും നഴ്സിങ് ഓഫിസര്‍മാരുടെയും ട്രെയിനിങ് പ്രോഗ്രാമില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കി.

വ്യക്തിഹത്യ തുടരുന്ന രീതിയിലുള്ള സമര പരിപാടികള്‍ തുടരുന്ന പക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും ഐ.എം.എയുടെ കാഞ്ഞങ്ങാട് ചേര്‍ന്ന അടിയന്തര എക്സിക്യൂട്ടിവ് സമിതി യോഗം തീരുമാനിച്ചു.

എം.എം.എയുടെ പ്രസ്താവനയെ നഴ്സിങ് വിദ്യാര്‍ഥികള്‍ തള്ളി. സമരവുമായി മുന്നോട്ട് പോകുമെന്നും അഭിലാഷിനെ ജില്ലയിലേക്ക് വീണ്ടും മാറ്റി നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നും നഴ്സിങ് വിദ്യാര്‍ഥികള്‍ സംഘടന നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *