ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലോടെ അദാനി ഗ്രൂപ്പിനും സെബിക്കും (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എതിരായ ആരോപണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാർട്ടികള്‍.
റിപ്പോർട്ട് സംബന്ധിച്ച സെബിയുടെ പ്രസ്താവന തള്ളിയ കോണ്‍ഗ്രസ് തിങ്കളാഴ്ച അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനോ സി ബി ഐക്കോ കൈമാറണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സെബി മേധാവി മാധബി പുരി ബുച്ചുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കോണ്‍ഗ്രസ് പ്രധാനമായും ആയുധമാക്കുന്നത്. “ഒരു സ്ഥാപനവും അമൃത് കാലില്‍ പവിത്രമല്ല എന്നത് വ്യക്തമാണ്. സെബി ചെയർപേഴ്‌സണ്‍ അദാനി അന്വേഷണത്തില്‍ നിന്ന് സ്വയം പിന്മാറിയോ? ഈ താല്‍പ്പര്യ വൈരുദ്ധ്യങ്ങള്‍ നീണ്ടു പോകുന്ന അന്വേഷണവുമായി ബന്ധമുണ്ടോ, സെബിയുടെ പ്രശസ്തിക്ക് ഹാനികരമായി അദാനിക്കും പ്രധാനമന്ത്രിക്കും ഗുണം ചെയ്യുന്നതാണോ ഈ കാലതാമസം ? അമ്ബയർ തന്നെ വിട്ടുവീഴ്ച ചെയ്താല്‍ ഒരു മത്സരം തുടരാനാകുമോ?” എന്ന് തുടങ്ങിയ ചോദ്യങ്ങളായിരുന്നു കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് ജയറാം രമേശ് ചോദിച്ചത്.
ഒത്തുതീർപ്പിനുള്ള സെബിയുടെ സാധ്യത കണക്കിലെടുത്ത് ഭരണഘടനാപരമായി അധികാരപ്പെടുത്തിയ സുപ്രീം കോടതി അന്വേഷണം സി ബി ഐക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണം. സെബിയുടെ സത്യസന്ധത വീണ്ടെടുക്കാൻ സെബി ചെയർപേഴ്‌സണ്‍ രാജിവയ്ക്കണമെന്നും ജയറാം രമേശ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
100 സമൻസുകള്‍ അയച്ചുവെന്നും 1100 കത്തുകളും ഇമെയിലുകളും നല്‍കിയെന്നും 12,000 പേജുകളുള്ള 300 രേഖകള്‍ പരിശോധിച്ചെന്നും പറയുന്ന സെബി ഹൈപ്പർ ആക്ടിവിറ്റിയുടെ ചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഈ അന്വേഷണങ്ങളുടെ മെല്ലെപ്പോക്ക് (സെബി), പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ അന്വേഷണ ഏജൻസികള്‍ സാധാരണയായി പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കുന്ന വേഗത്തിലുള്ള ‘നീതി’യുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വിവരിക്കാന്‍ കഴിയാത്തതാണെന്നും ജയറാം രമേശ് പറഞ്ഞു.
സമീപകാല വെളിപ്പെടുത്തലുകള്‍ അദാനിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുന്നതില്‍ സെബിയുടെ സത്യസന്ധതയെയും പെരുമാറ്റത്തെയും കുറിച്ച് അസ്വസ്ഥജനകമായ ചോദ്യങ്ങള്‍ ഉയർത്തുന്നു. വിശ്വസനീയമായ ആഗോള ഫിനാൻഷ്യല്‍ മാർക്കറ്റ് റെഗുലേറ്ററായി ദീർഘകാലമായി കണക്കാക്കപ്പെടുന്ന സെബി ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം, കോണ്‍ഗ്രസ് സാമ്ബത്തിക അരാജകത്വമുണ്ടാക്കുന്നുവെന്നായിരുന്നു ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദിന്റെ പ്രതികരണം. ഇന്ത്യയുടെ ഓഹരി വിപണി തകരണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിനായുള്ള ഇടപെടലാണ് അവര്‍ നടത്തുന്നത്. ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സാമ്ബത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യന്‍ വിപണി സുരക്ഷിതവും, സുസ്ഥിരവും, അതുപോലെ വിശ്വാസ്യതയുള്ളതുമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.