കേരളത്തിനു പുറത്തും പിണറായി സർക്കാരിന്റെ പരസ്യം പ്രദർശിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ സർക്കാർ പരസ്യങ്ങള്‍ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു.
100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദർശിപ്പിക്കുക.
പരസ്യത്തുക അനുവദിച്ചുകൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യത്തിന് 90 സെക്കൻഡ് ആണു ദൈർഘ്യം. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് പരസ്യം പ്രദർശിപ്പിക്കുക. ഇതിനായി 18,19,843 രൂപ അനുവദിച്ചതായി ഉത്തരവില്‍ പറയുന്നു.
അന്തർസംസ്ഥാന പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നടപ്പു സാമ്ബത്തിക വർഷത്തില്‍ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് തിയറ്റർ പരസ്യങ്ങള്‍ക്കായി മാത്രം 18 ലക്ഷം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സവിശേഷമായ നേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവർത്തനങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതാകും പരസ്യചിത്രം. തിയറ്ററുകളില്‍ സിനിമാ പ്രദർശനം നടത്തുന്ന ക്യൂബ്, യു.എഫ്.ഒ ഏജൻസികള്‍ വഴിയായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.