ശമ്ബളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്.
ജൂണിലെ ശമ്ബളം ഇതുവരെയും ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. എം.ആര്‍.ഐ. ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസ് എന്ന കമ്ബനിക്കാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധിച്ചിട്ടും കമ്ബനി ശമ്ബളം നല്‍കാത്ത പശ്ചാത്തലത്തിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്.
എല്ലാ മാസവും ഏഴാം തീയതിക്കു മുമ്ബ് ശമ്ബളം നല്‍കുമെന്ന ഉറപ്പുകള്‍ നടത്തിപ്പ് കമ്ബനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. സംസ്ഥാന സര്‍ക്കാര്‍ 4.34 കോടി രൂപ കമ്ബനിക്ക് ശമ്ബളം നല്‍കാനായി കൈമാറിയിട്ടും പൈലറ്റ്മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇതുവരെ ശമ്ബളം നല്‍കിയിട്ടില്ല.
നടത്തിപ്പ് ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുക, ശമ്ബളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നത്തെ സൂചനാ പണിമുടക്ക്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. എന്നാല്‍, സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നടത്തിപ്പ് കമ്ബനി പറയുന്നത്.