എം.ടി വാസുദേവൻ നായര്‍ പറഞ്ഞ കാര്യം വളരെ കാലികപ്രാധാന്യമുള്ളതാണെന്ന് കോണ്‍ഗ്രസ് രമേശ് ചെന്നിത്തല.
ആരാധവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും മുന്നിലല്ല നമ്മള്‍ നില്‍ക്കേണ്ടത്. യഥാര്‍ഥത്തില്‍ ജനങ്ങളോടൊപ്പം, ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം, നാടിന്റെ പ്രശ്നങ്ങളോടൊപ്പം നാടിനെ സ്നേഹിക്കുന്ന, നാടിനെ സേവിക്കുന്ന പ്രവര്‍ത്തനത്തോടൊപ്പം നില്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത് നരേന്ദ്ര മോദിയെപ്പറ്റിയും പിണറായി വിജയനെപ്പറ്റിയും പറഞ്ഞ കാര്യങ്ങളാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും. അവരാണ് ഇത് ശ്രദ്ധിക്കേണ്ടത്. എം.ടി ഉന്നം വെക്കുന്നത് ഈ രണ്ടു ഭരണാധികാരികളെയുമാണ്. അദ്ദേഹം പറഞ്ഞത് വാസ്തവമാണ്. സ്തുതി പാഠകരുടെയും ആരാധകരുടെയും പുകഴ്ത്തലുകള്‍ക്ക് മുൻപില്‍ നമ്മുടെ ഭരണാധികാരികള്‍ നില്‍ക്കുകയാണ്.
പുകഴ്ത്തിയാല്‍ എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കണം. ഇത് കേരളത്തില്‍ ഒരു കാലത്തും കാണാത്ത പ്രതിഭാസമാണ്. നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഈ പുകഴ്ത്തലുകള്‍ കേള്‍ക്കുന്നവരാണ്. ഇ.എം.എസ് വേറിട്ട രീതിയില്‍ പ്രവര്‍ത്തിച്ച ഒരു നേതാവാണ്. അദ്ദേഹത്തിനെ മാതൃകയാക്കാൻ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ വരുന്നില്ല എന്ന് എം.ടി ഭംഗിയായി പറഞ്ഞുവച്ചിരിക്കുന്നു
ജ്ഞാനപീഠം ജേതാവായ എം.ടി കേരളത്തിന്റെ പൊതുസ്വത്താണ് അഭിമാനമാണ്. അദ്ദേഹം പിണറായി വിജയനെ വേദിയിലിരുത്തി ഇത്രയെങ്കിലും പറഞ്ഞത് മനസിലാക്കും എന്ന് കരുതുന്നു. എന്തായാലും എം.ടി സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കും ജീര്‍ണതക്കും എതിരെ സംസാരിച്ചതിനെ അഭിനന്ദിക്കുന്നു. സാഹിത്യ നായകന്മാര്‍ ആദ്യമൊക്കെ സംസാരിച്ചിരുന്നു. ഇപ്പോള്‍ ഭയം മൂലം മൗനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.