എമ്ബുരാൻ നിർമാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ഗോകുലം ഗോപാലൻ നിർമിച്ച മോഹൻലാല്‍- പൃഥ്വിരാജ് സിനിമ ‘എമ്ബുരാൻ’ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. കളക്ഷനില്‍ റെക്കോഡുകള്‍ തകർത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം.
മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. എമ്ബുരാൻ സിനിമാ പ്രദർശനത്തിന് പിന്നില്‍ ഉണ്ടായ വിവാദങ്ങള്‍ ചിത്രത്തിന്റെ കളക്ഷനില്‍ വന്‍കുതിപ്പുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എമ്ബുരാൻ സിനിമക്കെതിരെ സംഘപരിവാർ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാർ സംഘടനകള്‍ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടർന്ന് നിർമാതാക്കള്‍ തന്നെ ഇടപെട്ട് 24 കട്ടുകള്‍ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കി റീ -സെൻസറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കുന്നത്.