താലിബാന്റെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി താലിബാൻ.
യുഎൻ സ്‌പെഷ്യല്‍ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനെയാണ് വിലക്കിയത്. റിച്ചാർഡിനെ വിവരം അറിയിച്ചുവെന്നും താലിബാൻ അറിയിച്ചു.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നിഷേധിച്ചതും, തൊഴിലിടങ്ങളില്‍ വിലക്കിയതുമെല്ലാം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വലിയ ചർച്ചകളായിരുന്നു. പൊതുഇടങ്ങള്‍, പാർക്കുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. ബന്ധുവായ പുരുഷനോടൊപ്പം യാത്ര ചെയ്യുന്നതിനുള്‍പ്പെടെ വിലക്കുകള്‍ ഉണ്ടായിരുന്നു. താലിബാന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ നിന്നും വലിയ വിമർശനമാണ് ഉയർന്നത്.
എന്നാല്‍ ബെന്നറ്റിനെതിരെ ഏർപ്പെടുത്തിയ വിലക്ക് ചില വ്യക്തി പരമായ കാരണങ്ങളാലാണെന്നാണ്താലിബാൻ അറിയിച്ചിരിക്കുന്നത്. ചില പ്രത്യേക അജണ്ടകളുടെ ഭാഗമായിട്ടാണ് ബെന്നറ്റിനെ അഫ്ഗാനിസ്ഥാനില്‍ നിയമിച്ചതെന്നും, വിശ്വസിക്കാൻ കഴിയാത്ത ആളായതിനാലാണ് വിലക്കിയതെന്നും താലിബാൻ ഗവണ്‍മെന്റ് ചീഫ് സബിഹുള്ള മുജാഹിദ് പറയുന്നു.
അഫ്ഗാനില്‍ സ്ത്രീകള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ബെന്നറ്റ് അന്താരാഷ്‌ട്ര തലത്തില്‍ തുറന്ന് കാണിച്ചിരുന്നു. കഴിഞ്ഞ ആഴ്ച താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന്റെ മൂന്നാം വാർഷികത്തില്‍ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ബെന്നറ്റ് ഉള്‍പ്പെടുന്ന 29 യുഎൻ വിദഗ്ധർ പ്രതികരിച്ചിരുന്നു. ജൂണ് അവസാനം ഖത്തറില്‍ യുഎൻ ആതിഥയത്വം വഹിച്ച ചടങ്ങില്‍ നിന്നും അഫ്ഗാൻ സ്ത്രീകളെ ഒഴിവാക്കാനുള്ള തീരുമാനത്തേയും അദ്ദേഹം അപലപിച്ചിരുന്നു. എന്നാല്‍ ചെറിയ വിഷയങ്ങള്‍ ബെന്നറ്റ് പെരുപ്പിച്ച് കാട്ടുന്നതായി സബിഹുള്ള ആരോപിച്ചു.