വന്ദേഭാരത് കോച്ചുകളുടെ നിര്‍മാണത്തില്‍ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്. രൂപകല്പനക്കായി റെയില്‍വേ വാങ്ങിയ 55 കോടിയോളം രൂപയുടെ നിര്‍മാണസാമഗ്രികള്‍ ഉപയോഗ്യശൂന്യമായതായി സി എ ജി കണ്ടെത്തി.
മോദി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയിലാണ് കോടികളുടെ നഷ്ടമുണ്ടായത്. വന്ദേ ഭാരതത്തിന്റെ ആദ്യ പതിപ്പില്‍ രൂപകല്‍പ്പനയ്ക്കായി വാങ്ങിയ നിർമ്മാണ സാമഗ്രിയിലാണ് റെയില്‍വേയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടായത്. 2019 ല്‍ ഇന്റഗ്രല്‍ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ നിന്നും 55 കോടി രൂപയുടെ സാധനസാമഗ്രികളാണ് വാങ്ങിയത്.
എന്നാല്‍ 2021ല്‍ വന്ദേ ഭാരതത്തിന്റ രൂപകല്‍പ്പന നിശ്ചയിച്ചപ്പോള്‍ പഴയ സാധനസാമഗ്രികള്‍ ഇവയ്ക്ക് യോജിക്കാത്തതായി കണ്ടത്തി. ഇതോടെ കോടികള്‍ ചെലവഴിച്ച വാങ്ങിയ സാമഗ്രികള്‍ ഉപയോഗശൂന്യമാകുകയായിരുന്നു. 2022ല്‍ തന്നെ സിഎജി കണ്ടെത്തിയ കണക്കുകള്‍ മോദി സർക്കാർ പൂഴ്ത്തി വച്ചതായാണ് വിമശനം ഉയരുന്നത്. 2017ല്‍ ഫെബ്രുവരിയില്‍ മോദി സർക്കാർ 24 കോച്ചുകള്‍ക്കാണ് ആദ്യം അംഗീകാരം നല്‍കിയത്. സർക്കാർ അനുവദിച്ച 64 കോടി രൂപയില്‍ 46 കോടിയും ബോഗികളുടെ രൂപകല്‍പ്പനയ്ക്കായിരുന്നു. ഡിസൈനില്‍ മാറ്റം വന്നോടെ നിർമ്മാണം നിർത്തിവയ്ക്കുകയും സാധനസാമഗ്രികള്‍ ഉപയോഗശൂന്യമാക്കുകയും ചെയ്തു. രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയെന്ന് റെയില്‍വേ മന്ത്രാലയം ഇതുവരെയും വിശദീകരണം നല്‍കിയിട്ടുമില്ല.