കർണാടക ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു.
നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചില്‍ നടത്തുന്നത്. ബംഗളൂരുവില്‍ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം.
മേഖലയില്‍ മഴ പെയ്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഇന്നലെ തിരച്ചില്‍ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മണ്ണിടിഞ്ഞതിന്‍റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്ന സംശയത്തെ തുടർന്ന് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. മണ്ണിനടിയില്‍ അർജുനടക്കം 15 പേരാണ് കുടുങ്ങികിടക്കുന്നതെന്ന് സൂചന. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്.