സർക്കാർ ജോലിയില്‍ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് 300 ഓളം ഇന്ത്യൻ വിദ്യാർഥികള്‍ നാട്ടിലേക്ക് മടങ്ങി.
വെള്ളിയാഴ്ചയാണ് വിദ്യാർഥികള്‍ ഇന്ത്യയിലെത്തിയത്. അതേസമയം, ബംഗ്ലാദേശില്‍ സംഘർഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. 2500 ലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ബംഗ്ലാദേശില്‍ എം.ബി.ബി.എസ് അടക്കമുള്ള പഠനത്തിനായി പോയ വിദ്യാർഥികളാണ് തിരികെവന്നത്. ഉത്തർ പ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയവരിലേറെയും. ബംഗ്ലാദേശിലെ സംഘർഷാവസ്ഥ നിരീക്ഷിക്കുകയായിരുന്നവെന്നും, എന്നാല്‍ സ്ഥിതി വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്റർനെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം മുതല്‍ ഫോണ്‍ സംവിധാനവും ഏറെക്കുറെ നിലച്ചു. ഇതോടെയാണ് ബംഗ്ലാദേശില്‍ നിന്ന് താല്‍ക്കാലികമായി മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർഥികള്‍ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശ് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറിലേറെ വിദ്യാർഥികളാണ് സുരക്ഷാ ഉദ്യോഗസ്ഥരും സർക്കാർ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയോടെയാണ് പ്രക്ഷോഭം കൂടുതല്‍ സംഘർഷഭരിതമായത്. ധാക്ക യൂണിവേഴ്സിറ്റിയില്‍ ഉണ്ടായ സംഘർഷത്തില്‍ ആറ് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ മുഴുവൻ സർവകലാശാലകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടത്.