കുവൈത്തിലെ തീപ്പിടിത്തത്തില്‍ 50 ഓളം പേര്‍ മരണപ്പെട്ടത് വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രവാസ ജീവിതത്തിനിടക്ക് സംഭവിച്ച വലിയ ദുരിതമാണിതെന്നും പ്രവാസികള്‍ കേരളത്തിന്റെ ജീവനാഡിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ നെടുമ്ബാശ്ശേരി വിമാനത്താവളെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കുവൈത്ത് ഗവണ്‍മെന്റ് ശക്തമായി ഇടപെട്ടു.ഇന്ത്യ ഗവണ്‍മെന്റും ശരിയായ രീതിയില്‍ ഇടപെട്ടതായും അദ്ദേഹം പറഞ്ഞു.കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് ഗവണ്‍മെന്റ് ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുണ്ടായ വലിയ ദുരിതത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടു. ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. കേരളത്തില്‍ നിന്ന് ഒരു മന്ത്രിയെ കുവൈത്തിലേക്ക് അയക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തത് കൊണ്ട് പോകാനായില്ല. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്നും പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.