കുവൈത്തിൽ 26 മലയാളികൾ അടക്കം അൻപതോളം പേർ വെന്തു മരിച്ച കെട്ടിടം വാടകക്ക് എടുത്തത് പ്രമുഖ മലയാളി വ്യവസായി കെ ജി അബ്രഹാമിന്റെ ഉടമയിലുള്ള എൻ ബി ടി സി കമ്പനിയാണ്. അച്ചടി മാധ്യമങ്ങളിൽ പലതും സ്ഥാപനത്തിന്റെ പേര് പറയുന്നുണ്ടെങ്കിലും അതിന്റെ ഉടമയുടെ പേര് ഗോപ്യമായി വെച്ചിരിക്കുകയാണ്. എൻ ബി ടി സി കമ്പനിയിലെ ഇരുനൂറോളം ജീവനക്കാരെ ഈ ഫ്ലാറ്റിൽ താമസിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ കടുത്ത അലംഭാവം ആണുണ്ടായത്. കെട്ടിടം ഉടമയും കമ്പനിയും ഇതിൽ തുല്യ ഉത്തരവാദികളാണ്. കുവൈത്തിലെ വലിയ നിർമാണ കമ്പനികളിലൊന്നാണ് എൻ ബി ടി സി. അതിന്റെ എം ഡി കെ ജി എബ്രഹാം തിരുവല്ല സ്വദേശിയാണ്. എറണാകുളത്തെ ക്രൗൺ പ്ലാസ ഹോട്ടൽ ഇദ്ദേഹത്തിന്റേതാണ്. പൃഥ്‌വിരാജ് അഭിനയിച്ച ആട് ജീവിതത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് എബ്രഹാം. . കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെയും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും തൊഴിലാളികൾ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. ബന്ധപ്പെട്ടവരുടെ അത്യാഗ്രഹമാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമെന്നു കുവൈത് ഉപപ്രധാനമന്തി ഷെയ്ഖ് ഷഹദ് അൽ യൂസുഫ് അൽ സബ പ്രതികരിച്ചിരുന്നു. അനുമതിയുള്ളതിനേക്കാൾ കൂടുതൽ പേരെ കെട്ടിടത്തിൽ പാർപ്പിച്ചിരുന്നെന്നും അത്യാഹിതം സംഭവിച്ചാൽ രക്ഷപ്പെടാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നുമാണ് റിപ്പോട്ടുകൾ. കേരളത്തിൽ നിരവധി ബിസിനസുകൾ ചെയ്യുന്ന കെ ജി എ ഗ്രൂപ്പിന്റെ ഫൗണ്ടർ ചെയർമാൻ കൂടിയായ കെ ജി എബ്രഹാം നാലു പതിറ്റാണ്ടായി കുവൈത്തിലാണ് പ്രവർത്തിക്കുന്നത്. പ്രളയ ദുരിതത്തിന് പ്രവാസികൾ നൽകിയ സംഭാവന എത്തേണ്ടിടത്തു എത്തിയില്ലെന്ന അബ്രഹാമിന്റെ വിമർശനം മുൻപ് വിവാദം സൃഷ്ടിച്ചിരുന്നു. ഇരുപതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ കൈവിടില്ലെന്നും പരിക്കേറ്റവർക്ക് ചികിത്സ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിൽ അനുവദനീയമായതിൽ കൂടുതൽ പേരെ താമസിപ്പിച്ചിട്ടില്ലെന്നും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെന്നുമാണ് കമ്പനിയുടെ അവകാശവാദം. കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കുവൈത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുലർച്ചെ നാലു മണിക്കാണ് തീ പിടിച്ചതെന്നാണ് പ്രാദേശിക വിവരം. ഏഴു നില കെട്ടിടത്തിലെ 196 താമസക്കാരിൽ ഭൂരിഭാഗവും അപ്പോൾ ഉറങ്ങുകയായിരുന്നു.
കുവൈത്തിലെ എൻ ബി ടി സി കമ്പനി കെ ജി അബ്രഹാമിന്റേത്
