ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമദിനം: ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച്‌ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി

ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമദിനത്തില്‍ മകന്‍ ചാണ്ടി ഉമ്മനെ ഔട്ട് റീച്ച്‌ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റി യൂത്ത്‌കോണ്‍ഗ്രസ്.

യൂത്ത്‌കോണ്‍ഗ്രസ് ദേശീയഘടകത്തിന്റേതാണ് തീരുമാനം. പുതുപ്പള്ളിയില്‍ സെല്‍ നടത്താനിരുന്ന പരിപാടികളും ഇതോടെ മാറ്റി. ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയപ്പോള്‍ തന്നെ മാറ്റാന്‍ എടുത്തിരുന്ന തീരുമാനം കേന്ദ്രനേതൃത്വം നടപ്പിലാക്കുകയായിരുന്നു.

മുന്‍തീരുമാനം നടപ്പാക്കാനുള്ള തീരുമാനം എടുത്തത് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ തലേന്നായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ വിവരം ചാണ്ടി ഉമ്മനെ ഫോണിലൂടെ വിളിച്ചറിയിച്ചു. സെല്ലിന്റെ പരിപാടിയും മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം. ഇന്ന് ഉമ്മന്‍ചാണ്ടിയുടെ ചരമദിനത്തോടനുബന്ധിച്ച്‌ വൃക്ക രോഗികള്‍ക്ക് സഹായം നല്‍കുന്ന പരിപാടികള്‍ പുതുപ്പള്ളിയില്‍ ഔട്ട് റീച്ച്‌ സെല്‍ ആസൂത്രണം ചെയ്തിരുന്നു. നിര്‍ദേശം വന്നതോടെ പരിപാടിയും മാറ്റി.

നേരത്തെ ഔട്ട് റീച്ച്‌ സെല്ലിന്റെ സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് നടപടി. അതേസമയം രോഗികള്‍ക്ക് സഹായം നല്‍കുന്ന പരിപാടി കൂടി നടത്തേണ്ട എന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം പാര്‍ട്ടിയിലെ നേതാക്കളെ അതൃപ്തിയില്‍ ആക്കിയിട്ടുണ്ട്. അതിനൊപ്പം ചാണ്ടി ഉമ്മനെ നീക്കാനുള്ള തീരുമാനം എടുത്ത ദിവസവും ശരിയായില്ലെന്ന നിലപാട് പലര്‍ക്കുമുണ്ട്. പിതാവിന്റെ ചരമവാര്‍ഷികത്തില്‍ വൃക്കരോഗികഴെ സഹായിക്കാനായി പ്ലാന്‍ ചെയ്തിരുന്ന പരിപാടി നടക്കാത്തതിലും ചാണ്ടി ഉമ്മന് വിഷമമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *