വയനാടിന് കൈത്താങ്ങായി കുടുംബശ്രീ, മുഖ്യമന്ത്രിക്ക് കൈമാറിയത് 20 കോടി 7 ലക്ഷം രൂപ

വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും. ആദ്യഘട്ടമായി സമാഹരിച്ച 20, 07,05,682 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.

ഞങ്ങളുമുണ്ട് കൂടെ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം കുടുംബശ്രീ തുടരുകയാണ്. ക്യാമ്ബയിനില്‍ പങ്കാളികളായ മുഴുവന്‍ അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയും ജീവനക്കാരേയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മനുഷ്യസ്നഹേത്തിന്റെ മഹത്തായ ചരിത്രമാണ് കുടുംബശ്രീ രചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, സ്ഥാനമൊഴിയുന്ന കുടുംബശ്രീ എക്‌സി. ഡയറക്ടര്‍ ജാഫര്‍ മാലിക്, എക്‌സി. ഡയറക്ടര്‍ എ ഗീത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഇതു കൂടാതെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിപുലമായ പദ്ധതികളാണ് വയനാട് കേന്ദ്രീകരിച്ച്‌ കുടുംബശ്രീ നടത്തി വരുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം മൂന്നു വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളുടെയും കുടുംബ സര്‍വേ കുടുംബശ്രീ പൂര്‍ത്തിയാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബങ്ങള്‍ക്കാവശ്യമായ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ മരിച്ച ഒമ്ബത് അയല്‍ക്കൂട്ട അംഗങ്ങളുടെ അവകാശികളായ കുടുംബാംഗങ്ങള്‍ക്ക് കുടുംബശ്രീ ജീവന്‍ ദീപം ഇന്‍ഷുറന്‍സ് പ്രകാരം ആകെ 7,22,500 രൂപ ലഭ്യമാക്കി. മരണമടഞ്ഞവരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിനായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തു. ദുരന്തബാധിത മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ച്‌ നിലവില്‍ 59 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. 127 പേരുടെ അന്തിമ പട്ടികയും തയ്യാറാക്കി. ഇവര്‍ക്കും എത്രയും വേഗം അര്‍ഹമായ തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്യൂണിറ്റി മെന്ററിങ്ങ് സംവിധാനവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് ഒരു മെന്റര്‍ എന്ന നിലയില്‍ 20 കമ്യൂണിറ്റി മെന്റര്‍മാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ദുരന്തം സംഭവിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌കിന് നേതൃത്വം നല്‍കിയതും കുടുംബശ്രീ അംഗങ്ങളാണ്. കൂടാതെ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണ വിതരണം, ഹരിതകര്‍മസേന കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്ബുകളുടെ ശുചീകരണം, കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങ് എന്നീ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ ഏറ്റെടുത്തു നടപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *