മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുരേഷ് ഗോപി ആരോപിക്കുന്നത്.

ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാറിനോട് ഇന്ന് നിലപാടറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഒക്ടോബര്‍ 27 നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയര്‍ത്തിയ വനിത മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ ആദ്യം തന്നെ മാധ്യമപ്രവര്‍ത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *