ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതിക്കായി തുമകൂരുവില്‍ 8000 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര അറിയിച്ചു. ബംഗളൂരുവിന് അടുത്തുള്ള പ്രധാന നഗരമെന്ന നിലയില്‍ ഭാവിയില്‍ ബംഗളൂരു വിമാനത്താവളത്തിലെ ട്രാഫിക് കുറക്കുന്നതടക്കമുള്ള സാധ്യതകള്‍ മുൻനിര്‍ത്തിയാണ് തുമകൂരുവില്‍ വൻകിട വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തുമകൂരു, കൊരട്ടഗരെ, മധുഗിരി, സിറ താലൂക്കുകളിലായാണ് ഭൂമി കണ്ടെത്തിയതെന്നും പദ്ധതി നിര്‍ദേശം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള വികസന അതോറിറ്റിക്ക് (കെ.ഐ.എ.ഡി.ബി) കൈമാറിയതായും പരമേശ്വര പറഞ്ഞു.
കെംപഗൗഡ വിമാനത്താവളത്തില്‍ മൂന്നാം റണ്‍വേക്ക് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെയാണ് ബാംഗ്ലൂര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിയാല്‍) എം.ഡി ഹരി മാരാര്‍ ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതി മുന്നോട്ടുവെച്ചത്. ബംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള രാമനഗരയും പദ്ധതിക്കായി പരിഗണനയിലുള്ള പ്രദേശമാണ്. യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 96 ശതമാനം വര്‍ധനയാണ് ബംഗളൂരു വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത്. 31.91 ദശലക്ഷം യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്. തൊട്ടുമുമ്ബത്തെ വര്‍ഷത്തില്‍ 16.28 ദശലക്ഷം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 85.2 ശതമാനവും വര്‍ധനയുണ്ടായിരുന്നു. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടാം റണ്‍വേയും ടെര്‍മിനലും പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ബംഗളൂരുവിനെ കൂടാതെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് നിലവില്‍ കര്‍ണാടകയില്‍നിന്ന് അന്താരാഷ്ട്ര സര്‍വിസുകളുള്ളത്. മംഗളൂരുവില്‍നിന്നുള്ള അന്താരാഷ്ട്ര സര്‍വിസുകള്‍ ഏറെയും ഗള്‍ഫ് മേഖലയിലേക്കാണ്. അന്താരാഷ്ട്ര സര്‍വിസുകള്‍കൂടി മുന്നില്‍കണ്ടാണ് നിര്‍ദിഷ്ട തുമകുരു വിമാനത്താവള പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. മൈസൂരു, ഹുബ്ബള്ളി, ബെളഗാവി, ശിവമൊഗ്ഗ, കലബുറഗി, ബിദര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആഭ്യന്തര വിമാനത്താവളങ്ങളുണ്ട്. ഹാസനിലും വിജയപുരയിലും ഗ്രീൻഫീല്‍ഡ് വിമാനത്താവളങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.