അപ്രതീക്ഷിതമായി പാലക്കാട്ട് എല്‍.ഡി.എഫ് സ്ഥാനാർഥിയായി കോണ്‍ഗ്രസ് വിട്ടുവന്ന ഡോ. പി.സരിൻ എത്തിയപ്പോള്‍ അത് വൻ മുന്നറ്റമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് വോട്ടുബാങ്കിലടക്കം വിള്ളലുണ്ടാക്കുമെന്നുമായിരുന്നു സി.പി.എമ്മും ഇടതുപക്ഷവും കണക്കുകൂട്ടിയത്.
ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കണക്കുകൂട്ടിയ മണ്ഡലത്തില്‍ വിജയപ്രതീക്ഷപോലും അവർക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കൈമെയ് മറന്നായിരന്നു മണ്ഡലത്തില്‍ ഇടതു പ്രചാരണം. പക്ഷെ, കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി എല്‍.ഡി.എഫിന് നേടാനായത് 860 വോട്ട് മാത്രമാണ്.2021-ല്‍ 36433 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇത്തവണ കിട്ടിയത് 37293 വോട്ടാണ്. എന്നാല്‍, യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടില്‍ വർധനവുണ്ടാക്കാനും കഴിഞ്ഞു. 2021-ല്‍ ഷാഫി പറമ്ബില്‍ 54079 വോട്ട് നേടിയപ്പോള്‍ രാഹുലിന് നേടാനായത് 58389 വോട്ട്. അതായത് 4310 അധിക വോട്ട്.
അതേസമയം, എൻ.ഡി.എക്ക് വൻ നഷ്ടമുണ്ടാവുകയും ചെയ്തു. ഇത്തവണയും മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്താൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞെങ്കിലും 10671 വോട്ടാണ് 2021-ഉം ആയി താരതമ്യപ്പെടുത്തുമ്ബോള്‍ കുറഞ്ഞത്. അതായത്, ഇത്തവണ കൃഷ്ണകുമാറിന് നേടാനായത് 39549 വോട്ടുമാത്രം. കഴിഞ്ഞ തവണ ഇ.ശ്രീധരൻ നേടിയ 50,220 എന്ന വോട്ടില്‍ നിന്നാണ് എൻഡിഎയുടെ വോട്ട് കുത്തനെ കുറഞ്ഞത്.