സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ ഇന്നുണ്ടായ എല്‍ഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണം തേടി കലക്ടര്‍.
പത്ര പ്രതിനിധികളോട് നേരിട്ട് എത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.പത്രപരസ്യത്തിന്റെ ഔട്ട്‌ലൈന്‍ എംസിഎംസി സെല്ലിന്റെ സമിതിയില്‍ നല്‍കി, അന്തിമാനുമതി ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ. ജില്ലാ കളക്ടര്‍ ആണ് ഈ പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും വിവാദ പരസ്യത്തിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല എന്ന വിവരമാണ് പുറത്തുവന്നത്.
സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടി സിറാജ്, സുപ്രഭാതം പത്രങ്ങളിലാണ് എല്‍ഡിഎഫ് പരസ്യം നല്‍കിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയല്‍ എന്ന് പറയുന്നത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടോട് കൂടിയാണ് പരസ്യം.