കോണ്‍ഗ്രസ്-ലീഗ് നിര്‍ണായക യോഗം ഇന്ന്

മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. കോണ്‍ഗ്രസും- മുസ്ലിം ലീഗും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി യോഗം ഇന്ന് എറണാകുളത്ത് നടക്കും.

ചര്‍ച്ച പരാജയപെട്ടാല്‍ ഒറ്റക്ക് മത്സരിക്കുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കാനാണ് ലീഗ് നീക്കം.

കോണ്‍ഗ്രസില്‍ നിന്ന് കെ സുധാകരന്‍, വി ഡി സതീശന്‍, എം എം ഹസന്‍ എന്നിവരും ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, എം കെ മുനീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഒന്നുകില്‍ മൂന്നാം സീറ്റ്, അല്ലങ്കില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. ഇത് രണ്ടുമല്ലാതെ ഒരു ഒത്ത് തീര്‍പ്പും ഇല്ലെന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍ രണ്ട് ആവശ്യങ്ങള്‍ക്കും വഴങ്ങാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളും പറയുന്നത്. അങ്ങനെയെങ്കില്‍ ഇന്നത്തെ ചര്‍ച്ച പ്രതിസന്ധിയിലാകും.

ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടങ്കിലും വിജയിച്ചിട്ടില്ല. രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകുമെന്ന കണക്ക് കൂട്ടലിലാണ് ലീഗ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കനാണ് ലീഗ് നീക്കം. അതിനാല്‍ തന്നെ ലീഗിനെ പിണക്കുന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് പോകാന്‍ ഇടയില്ല. ചര്‍ച്ച പരാജയപെട്ടാല്‍ 27ന് ചേരുന്ന ലീഗ് യോഗവും പ്രസക്തമാകും. മാത്രമല്ല മാര്‍ച്ച്‌ നാലിന് കോഴിക്കോട് തിരഞ്ഞെടുപ്പ് യോഗവും വിളിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയാണ് ബൂത്ത് അടിസ്ഥാനത്തില്‍ യോഗം വിളിച്ചത്. ബൂത്ത് ചെയര്‍മാനും കണ്‍വീനറും പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *