റഷ്യയ്ക്ക് വേണ്ടി പോരാടുന്നവര്‍ക്ക് പൗരത്വമെന്ന് പുട്ടിൻ

യുക്രെയിനില്‍ റഷ്യക്ക് വേണ്ടി പോരാടുന്ന വിദേശ പൗരന്മാര്‍ക്കും അവരുടെ കുടുംബത്തിനും റഷ്യൻ പൗരത്വം ലഭിക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ച്‌ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ.

യുക്രെയിനിലെ പോരാട്ടത്തിന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കരാറില്‍ ഒപ്പിട്ട വിദേശികള്‍ക്ക് പൗരത്വത്തിനായി അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ പറയുന്നു. കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് കരാറിലേര്‍പ്പെട്ടവര്‍ക്കാണ് യോഗ്യത.

സൈന്യത്തിന് പുറമേ സ്വകാര്യ മിലിട്ടറി സംഘടനകള്‍ക്കായി കരാറൊപ്പിട്ടവര്‍ക്കും ആനുകൂല്യം ലഭിക്കും. നിലവില്‍ യുക്രെയിൻ പോരാട്ടത്തില്‍ റഷ്യക്കൊപ്പം എത്ര വിദേശ പൗരന്മാരുണ്ടെന്ന് വ്യക്തമല്ല. ആഫ്രിക്കൻ, ക്യൂബൻ വംശജര്‍ റഷ്യൻ സൈന്യത്തിനൊപ്പമുണ്ടെന്നാണ് സൂചന.

2022 ഫെബ്രുവരിയില്‍ യുക്രെയിനില്‍ അധിനിവേശം ആരംഭിച്ച ശേഷം 3,15,000ത്തോളം റഷ്യൻ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തെന്നാണ് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 2022 സെപ്തംബറില്‍ 3,00,000 അധികം സൈനികരെ കൂടി റഷ്യ യുക്രെയിനിലേക്ക് വിന്യസിച്ചിരുന്നു. തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്ക് റഷ്യയോ യുക്രെയിനോ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *