ഇലക്ടറല്‍ ബോണ്ട് ആരോപണത്തില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി.
നിർമ്മല സീതാരാമനും മറ്റുള്ളവർക്കുമെതിരെ ഉയർന്ന പരാതിയില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് എഫ്‌ഐആർ ഫയല്‍ ചെയ്യാൻ ഉത്തരവിട്ടത്. ഇതേതുടർന്ന് നിർമല സീതാരാമൻ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക.
ഈ വിഷയത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, നിർമ്മല സീതാരാമൻ്റെ രാജി ആവശ്യപ്പെട്ടു. “ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ നിർമല സീതാരാമനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർ ഒരു കേന്ദ്രമന്ത്രിയാണ്, അവർക്കെതിരെയും എഫ്‌ഐആറുണ്ട്. അവർ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കൊള്ളയടിക്കല്‍ നടത്തി, എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം രാജിവെക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. “ഇപ്പോള്‍, സെക്ഷൻ 17 എ (അഴിമതി നിരോധന നിയമം) പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. അതിൻ്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കൂടുതല്‍ അന്വേഷണം നടത്തുകയും വേണമെന്നും ” സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.